കോഴിക്കോട്: സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. നിർമാതാക്കളുടെ ആരോപണം ഗൗരവമുളളത്. ആരോപണം ഉന്നയിച്ചവർ പരാതി നൽകാനും തെളിവ് നൽകാനും തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സിനിമാ മേഖലയിൽ കൃത്യമായ പെരുമാറ്റച്ചട്ടം വേണം. ഇതിനായി നിയമനിർമാണം നടത്തും. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നുവെന്നത് ക്രിമിനൽ കേസാണ്. നേരത്തെ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽ ഇത് പെടുത്തേണ്ടതായിരുന്നു. നിർമാതാക്കളുടെ സംഘടനയുടെ വക്താവ് സിനിമയ്ക്ക് അകത്തുള്ള ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആരോപണം ഉയർത്തിയ സാഹചര്യത്തിൽ ഇനി അതിൽ നിന്ന് പിൻമാറരുതെന്നും മന്ത്രി പറഞ്ഞു.

Read Also: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി

ഷെയ്ൻ നിഗത്തിന്‍റെ പ്രശ്നത്തിൽ ഇടപെടുമോ എന്ന ചോദ്യത്തിന് രേഖാമൂലം പരാതിയായി നൽകിയാൽ സർക്കാർ തീർച്ചയായും ഇടപെടുമെന്നും മന്ത്രി പറഞ്ഞു. താരസംഘടനയായ അമ്മയും നിർമാതാക്കളുടെയും സംവിധായകരുടെയും സംഘടനകളും ഇവിടെയുണ്ട്. അവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. അതല്ല, സർക്കാർ ഇടപെട്ട് ഒരു സമവായ ചർച്ച വിളിച്ച് ചേർക്കണമെന്നാണ് അവർ ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഷെയ്ൻ നിഗമിന് വിലക്ക് ഏർപ്പെടുത്തുവെന്ന് അറിയിച്ചുകൊണ്ട് നിർമാതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗുരുതരമായ ആരോപണമുന്നയിച്ചത്. എൽഎസ്ഡി പോലുള്ള ലഹരി മരുന്നുകൾ ലൊക്കേഷനിൽ എത്തുന്നതായും പരിശോധന നടത്തണമെന്നുമാണ് നിർമാതാക്കൾ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.