തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കൊണ്ട് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. ക്രൈസ്തവ സഭകൾക്ക് മോദി യാതൊരുവിധ ഉറപ്പും നൽകിയില്ല. മോദിയുടെ ക്രൈസ്തവ തന്ത്രം പരാജയമാണെന്നും ബാലൻ മനോരമ ന്യൂസിനോടു പറഞ്ഞു.
ശബരിമല വിഷയത്തിൽപോലും കേരള ജനത ബിജെപിക്കൊപ്പം നിന്നില്ല. അന്നു കാണാത്ത ജനപ്രളയമൊന്നും ഇന്നുണ്ടായിട്ടില്ല. യുവാക്കളിൽ ആവേശപ്രകടനം കാണാൻ കഴിഞ്ഞില്ല. രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് പ്രധാനമന്ത്രിയുടെ പര്യടനം ഉപയോഗപ്പെടുത്തിയതെന്നും ബാലൻ പറഞ്ഞു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഏപ്രിൽ 24 ന് കേരളത്തിലെത്തിയത്. ക്രൈസ്തവ മതമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളുമായും മോദി കൂടിക്കാഴ്ച നടത്തി. ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ സമൂഹം ബിജെപിയെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നുവെന്നും കേരളത്തിലും അതേ അനുഗ്രഹം ഉണ്ടാവണമെന്നും ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി നടത്തിയ ചർച്ചയിൽ മോദി അഭ്യർഥിച്ചു.
കേരളത്തിലെത്തിയ പ്രധാനമന്ത്രി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്സ്പ്രസ് ഫ്‌ളാഗ്ഓഫ് ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിച്ചു.