തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേതനം പുതുക്കി നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക സമിതിയെ തൊഴില്‍ വകുപ്പ് ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ.ബാലൻ. മലയാള സിനിമ മേഖലയുടെ നവീകരണത്തിന്‍റെ ആവശ്യം ചൂണ്ടിക്കാട്ടി എം.സ്വരാജ് എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 1960 ലെ കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് ആക്ടില്‍ പറയുന്ന സേവന വേതന വ്യവസ്ഥകളും ആനുകൂല്യങ്ങളും ബാധകമാണ്. ചലച്ചിത്ര, ടെലിഫിലിം നിര്‍മ്മാണ മേഖലയില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട മിനിമം വേതനം തൊഴില്‍ വകുപ്പ് നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലവിധമായ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി ശ്രദ്ധയില്‍വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയില്‍ പുതുതായി രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന സംസ്ഥാന സര്‍ക്കാരിന് ഈ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്സണായും, ശാരദ, കെ ബി വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവര്‍ അംഗങ്ങളായും ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ഈ രംഗത്ത് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

സിനിമാ രംഗത്തെ പൊതുപ്രശ്നങ്ങള്‍ പഠിച്ച് ആ മേഖലയിലെ സമഗ്ര പരിഷ്കരണത്തിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. സിനിമാ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം, തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും വിദഗ്ധ അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും, അടങ്ങുന്ന സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു നിയമനിര്‍മ്മാണം നടത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന അഭിനേതാക്കള്‍ മുതല്‍ സാങ്കേതിക പ്രവര്‍ത്തകര്‍ വരെയുള്ള എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും നിലവില്‍ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിക്ക് കീഴില്‍ പെന്‍ഷന്‍, ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും എ.കെ.ബാലൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.