തിരുവനന്തപുരം: ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി താനുമായി ചർച്ച നടത്തിയെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ആരോപണം തള്ളി മന്ത്രി എ.കെ.ബാലൻ. നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നതെന്നും ആരോപണം തെളിയിക്കാൻ കെ.സുരേന്ദ്രനെ വെല്ലുവിളിക്കുന്നതായും എ.കെ.ബാലൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്‍റെ പ്രചാരണ രീതിയാണ്. ഭക്തജനങ്ങളെ സര്‍ക്കാരിനെതിരായി അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശബരിമല സീസണില്‍ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവര്‍ക്ക് കിട്ടി. വസ്തുതകള്‍ ആരും പരിശോധിക്കില്ലെന്നാണ് സുരേന്ദ്രനും ബിജെപിയും കരുതുന്നതെന്നും എ.കെ.ബാലൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
തിങ്കളാഴ്ച താൻ ബിന്ദു അമ്മിണിയുമായി ചർച്ച നടത്തിയെന്ന ആരോപണം അസംബന്ധമാണെന്നും ഇന്നലെ താൻ സെക്രട്ടറിയേറ്റിലുണ്ടായിരുന്നില്ലെന്നും എ.കെ.ബാലൻ വ്യക്തമാക്കി. ഇന്നലെ താൻ പങ്കെടുത്ത മറ്റു സ്ഥലങ്ങളിലെ പരിപാടികളുടെ വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
നേരത്തെ ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരെ കണ്ടതായും ചർച്ച നടത്തിയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. ആർഎസ്എസും സിപിഎമ്മുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സന്ദർശനത്തിന് പിന്നിലെന്ന് പറഞ്ഞ മുല്ലപ്പള്ളി ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.