തിരുവനന്തപുരം: കെ.എം.ഷാജിക്ക് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനാകില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ. വോട്ടവകാശമില്ലാത്ത അംഗത്തിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാവില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇത് എംഎൽഎ എന്ന നിലയിൽ കെ.എം.ഷാജിയുടെ അവകാശങ്ങൾ സംബന്ധിച്ച വാക്‌പോരിനാണ് സഭയിൽ തുടക്കം കുറിച്ചത്.
എന്നാൽ വിഷയത്തിൽ ഇടപെട്ട സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെ.എം ഷാജിയുടെ വോട്ടവകാശം മാത്രമാണ് സുപ്രീം കോടതി തടഞ്ഞിട്ടുള്ളൂവെന്ന് സഭയെ അറിയിച്ചു. സെൻസസ് ആശങ്കയെ കുറിച്ചുള്ള അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിക്കാൻ കെ.എം.ഷാജിക്ക് സ്പീക്കർ അനുമതി നൽകുകയും ചെയ്തു.
Also Read: പന്തീരാങ്കാവ് യുഎപിഎ കേസ് തിരിച്ചുവേണം; കേന്ദ്രത്തോട് മുഖ്യമന്ത്രി
വോട്ടെടുപ്പിലേക്ക് പോകാൻ സാധ്യതയുള്ള പ്രമേയം വോട്ടവകാശമില്ലാത്ത അംഗത്തിന് എങ്ങനെ അവതരിപ്പിക്കാൻ സാധിക്കുമെന്നായിരുന്നു എ.കെ.ബാലന്റെ ചോദ്യം. ഇത് നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് പോയിന്‍റ് ഓഫ് ഓർഡറിലൂടെ മന്ത്രി ബാലൻ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കർ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.
പാർലമെന്‍ററികാര്യ മന്ത്രി ബാലിശമായി സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയിൽ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനോ, ചർച്ചയിൽ പങ്കെടുക്കുന്നതിനോ, ചോദ്യങ്ങൾ ചോദിക്കുന്നതിനോ കെ.എം.ഷാജിക്ക് തടസമില്ലെന്നും അദ്ദേഹം വാദിച്ചു. നിയമ മന്ത്രി എ.കെ.ബാലന് അടിസ്ഥാന നിയമങ്ങൾ പോലും അറിയില്ലെന്നായിരുന്നു കെ.സി.ജോസഫിന്റെ പരിഹാസം.