തിരുവനന്തപുരം: കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെയെന്ന് എ.കെ.ആന്റണി. നേതാക്കളുടെ പരസ്യ പ്രസ്​താവനാ യുദ്ധം പാർട്ടിയെ തകർക്കുകയാണ്​. തമ്മിലടിക്കുന്ന യാദവകുലം പോലെയാണ് ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടിയെന്നും ആന്റണി പറഞ്ഞു. ലീഡർ ജന്മശതാബ്‌ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

67ലേതിനേക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ കടന്നു പോകുന്നത്. കരുണാകരന്റെ കാലത്ത് പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഗ്രൂപ്പിസം ഇല്ലാതാകുമായിരുന്നു. ചെങ്ങന്നൂരിൽനിന്നും പാർട്ടി പാഠം പഠിക്കണം. കരുണാകരനുണ്ടായിരുന്നെങ്കിൽ ചെങ്ങന്നൂരിലെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനഞ്ഞേനെയെന്നും ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസം ഉണ്ടായിരുന്ന നേതാവായിരുന്നു കരുണാകരനെന്നും ആന്റണി പറഞ്ഞു.

കോൺഗ്രസിലെ കലാപം പാർട്ടിയെ ജനങ്ങൾക്കുമുന്നിൽ അപഹാസ്യരാക്കി. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ചാനലിൽ വച്ച് ചർച്ച ചെയ്യരുത്. പ്രധാന തീരുമാനങ്ങൾ പാർട്ടി വേദിയിലാണ്​ ചർച്ച ചെയ്യേണ്ടത്. വിശദമായ ചർച്ച പാർട്ടി യോഗങ്ങളിലാണ് നടക്കേണ്ടത്. നേതാക്കൾ യോഗം അവസാനിക്കുന്നതുവരെ അവിടെയുണ്ടാകണം. പാർട്ടി തീരുമാനമെടുത്താൽ അതായിരിക്കണം പാർട്ടി നയമെന്നും ആന്റണി വ്യക്തമാക്കി.

നേതാക്കൾക്ക്​ സ്വയം നിയന്ത്രണം വേണം. മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കും ലക്ഷ്‌മണ രേഖ വേണമെന്നും ആന്റണി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ