അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. പരാതിക്കാരന്റെ വാദം നിലനില്‍ക്കുന്നതല്ലെന്നും മതിയായ തെളിവുകളില്ലെന്നും കണ്ടെത്തിയാണ് കോടതി കേസ് തള്ളിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് തള്ളിയതോടെ തുഷാറിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കി.

നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നാളെ തന്നെ തുഷാര്‍ നാട്ടിലേക്ക് തിരിച്ചു പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 18 ദിവസത്തിനിടെ നാല് തവണ പ്രോസിക്യൂഷന് മുന്നില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ നാസിലിന് കഴിഞ്ഞില്ല.

പത്തു വര്‍ഷം മുമ്പുള്ള 20 കോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായിരുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ കമ്പനി. നഷ്ടത്തിലായപ്പോള്‍ കമ്പനി വിറ്റ് നാട്ടിലേക്ക് വന്ന സമയത്ത് നാസില്‍ അബ്ദുള്ളയ്ക്ക് കൈമാറിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.

Also Read: തുഷാർ വെള്ളാപ്പളളിയുടെ അറസ്റ്റ്: വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

10 മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് തകര്‍ന്ന് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായെന്നും ഇതിനിടെ പലതവണ കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു എന്നായിരുന്നു നാസിലിന്റെ ആരോപണം.

സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതുപ്രകാരം അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.