കൊച്ചി: കേരളത്തെ ഭയപ്പെടുത്തിയ നിപ വൈറസ് ബാധയെ അതിജീവിച്ച വിദ്യാര്‍ഥിനിയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അജന്യ. 2018 മേയ് 15 നാണ് അജന്യയെ കടുത്ത പനിയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് അജന്യയ്ക്ക് നിപ സ്ഥിരീകരിക്കുന്നത്. പിന്നീട് ഏറെ ദിവസങ്ങള്‍ അജന്യ നിപയോട് പടപൊരുതി. ഒടുവില്‍ നിപയെ അതിജീവിച്ചവളായി മാറി.

നിപ ഭീതി കേരളത്തില്‍ ഭീതി പടര്‍ത്തിയപ്പോള്‍ മനോധൈര്യം കൈവിടാതെ അതിനെതിരെ പോരാടാന്‍ നേതൃത്വം നല്‍കിയത് ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്. നിപയെ അതിജീവിക്കാന്‍ കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ വലിയ പ്രയത്‌നമാണ് ആരോഗ്യ മേഖല നടത്തിയത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ.ശൈലജ നടത്തിയ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വലിയ അംഗീകാരം നേടിയിരുന്നു.

Read Also: നിപ്പ ബാധയും സ്തുതിപാടലെന്ന പകർച്ചവ്യാധിയും

നിപയെ അതിജീവിച്ച അജന്യയും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ വച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. കെ.കെ.ശെെലജ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് നെഞ്ച് രോഗ വിഭാഗം ആശുപത്രിയില്‍ അര്‍ദ്ധബോധാവസ്ഥയിൽ നീണ്ട പത്ത് നാളുകള്‍ കിടന്നശേഷമാണ് അജന്യ നിപ വൈറസ് ബാധയെ അതിജീവിച്ചതെന്ന് ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.