കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കാക്കനാട്ടെ ഐഷയുടെ ഫ്‌ളാറ്റിലെത്തിയാണു രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തത്. ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടേ മുക്കാലോടെയാണ് കവരത്തി പൊലീസ് സംഘം ഐഷയുടെ ഫ്ളാറ്റിലെത്തിയത്. യാതൊരു അറിയിപ്പുമില്ലാതെയാണ് പൊലീസ് എത്തിയതെന്നും തന്റെ ഫ്‌ളാറ്റ് പോലീസ് റെയ്ഡ് ചെയ്തെന്നും ചോദ്യം ചെയ്യലിനുശേഷം ഐഷ മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചെടുത്ത ലാപ്ടോപ്പ് അനിയന്റെ ആണെന്നും ഇയാളുടെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതായും ഐഷ പറഞ്ഞു.
ബുദ്ധിമുട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് തന്നെ നിരന്തരം ചോദ്യംചെയ്യുന്നതെന്നും ചിലരുടെ താല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലെന്നും ഐഷ ആരോപിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഐഷ പറഞ്ഞു.
ഇത് നാലാം തവണയാണ് ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹാജരായ ഐഷയെ നേരത്തെ മൂന്നു തവണ പൊലീസ് ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഐഷ സമര്‍പ്പിച്ച ഹര്‍ജിയിലാണു ചോദ്യം ചെയ്യലിനു കവരത്തി പൊലീസിനു മുന്‍പാകെ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്. അറസ്റ്റ് ചെയ്താല്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ജാമ്യം നല്‍കണമെന്നും കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷം ഐഷയുടെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരപ്പെടുത്തി.
കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഐഷയെ അറസ്റ്റ് ചെയ്താല്‍ അന്‍പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലും വിട്ടയയ്ക്കണമെന്നാണ് ഉത്തരവിട്ടത്. ഐഷയുടെ പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവച്ചതായോ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനോ അകല്‍ച്ചയ്ക്കോ കാരണമായതായി കാണുന്നില്ലെന്നു മുന്‍കൂര്‍ ജാമ്യം സ്ഥിരപ്പെടുത്തിക്കൊണ്ട് കോടതി പറഞ്ഞു.
Also Read: കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറി വാടക പുതുക്കി, വാര്‍ഡിന് 2645 രൂപ
ഹര്‍ജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവില്‍ പറഞ്ഞു.
അതേസമയം, രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഐഷയുടെ ആവശ്യം ജൂലൈ രണ്ടിനു ഹൈക്കോടതി തള്ളിയിരുന്നു. കേസ് പ്രാരംഭഘട്ടത്തിലാണെന്നും അന്വേഷണത്തിന് കൂടുതല്‍ സമയമെടുക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇടക്കാല സ്റ്റേ എന്ന ഐഷയുടെ ആവശ്യവും കോടതി നിരസിച്ചിരുന്നു.
വിവാദമായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷയ്ക്കെതിരെ കവരത്തി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിദേശബന്ധങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കവരത്തിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഐഷയില്‍നിന്നു പ്രധാനമായും പൊലീസ് തേടിയത്.