കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര സർവ്വീസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്കും തിരിച്ചുമാണ് എയർ ഇന്ത്യ കൂടുതൽ സർവ്വീസുകൾ നടത്താൻ ഒരുങ്ങുന്നത്. ഏപ്രിൽ രണ്ട് മുതലാണ് സർവ്വീസുകൾ ആരംഭിക്കുന്നത്. തിങ്കൾ, വ്യാഴം ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.
ഡൽഹിയിൽ നിന്നും രാവിലെ 09.05ന് പുറപ്പെടുന്ന AI 425 ഫ്ലൈറ്റ് 12.15ന് കണ്ണൂരെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിൽ 1.30ന് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കോഴിക്കോട് നിന്ന് ആരംഭിക്കുന്നത് ഉച്ചയ്ക്ക് 2.15 നായിരിക്കും. 2.45ന് കണ്ണൂരെത്തുന്ന വിമാനം 3.30ന് കണ്ണൂർ നിന്ന് പുറപ്പെട്ട് 6.45ന് ഡൽഹിയിൽ എത്തിച്ചേരും.
Also Read: കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് എയര്‍ ഇന്ത്യ പറന്നു തുടങ്ങി
എയർ ഇന്ത്യയുടെ ഡൽഹി ഹബ്ബിലൂടെ വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ സഹായകമാകുന്ന സർവീസാണിത്. ഡൽഹിയിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്രക്കാർക്ക് അവരുടെ ബാഗേജുകൾ നേരിട്ട് ചെക്കിൻ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.