കൊച്ചി: എറണാകുളത്തുള്ള എയർ ഇന്ത്യയുടെ എക്സ്പ്രസിന്റെ ഓഫീസിൽ വലിയ തിരക്കാണ്. പേമാരി ദുരിതം വിതച്ചതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികളാണ് പ്രതീക്ഷയുടെ കണ്ണുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓഫീസിൽ എത്തിയത്. ഗൾഫിൽ നിന്നും വലിയ പെരുന്നാളിന്റെ അവധിക്ക് നാട്ടിലെത്തിയതാണ് പലരും. എന്നാൽ അപ്രതീക്ഷിത മഴ അവരുടെ മടങ്ങിപോക്കിന് തടസമായി. മഴ കനത്തതോടെ നെടുമ്പാശേരി വിമാനത്താവളം അടച്ചതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്.

കഴിഞ്ഞ മൂന്ന് ദിവസമായി നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. സാധാരണക്കാർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് മാത്രം കൊച്ചിയിൽ നിന്ന് 51 വിമാനങ്ങളാണ് ആഴ്ചയിൽ സർവീസ് നടത്തുന്നത്. ഇത് മുടങ്ങിയതോടെ യാത്രക്കാരും വലഞ്ഞു.

Also Read: നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച പ്രവർത്തന സജ്ജമാകുമെന്ന് സിയാൽ അധികൃതർ

ദുബായിൽ നിന്ന് പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയതാണ് കോതമംഗലം സ്വദേശിനി സീന. എന്നാൽ മടങ്ങി പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ യാത്ര പുനഃക്രമികരിക്കാനാണ് സീന എത്തിയത്.

“പെരുന്നാൾ സീസണായതിനാൽ തന്നെ വലിയ തുക നൽകിയാണ് ടിക്കറ്റ് സ്വന്തമാക്കിയത്. അതിന് പിന്നാലെ മഴയും ചതിച്ചതോടെ ആകെ പ്രശ്നത്തിലായി,” സീന പറഞ്ഞു.

സമാനമായ അനുഭവമാണ് കുടുംബസമേതം അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ നാസറിനും പറയാനുള്ളത്.

“പെരുന്നാളിന്റെ ലീവിന് നാട്ടിലെത്തിയതാണ്. ഓഫീസിൽ നിന്ന് കൂടുതൽ ലീവ് ലഭിച്ചട്ടില്ല. ഇവിടെ നിന്ന് പോകാൻ നിലവിൽ പറ്റില്ലല്ലോ? തിരുവനന്തപുരത്ത് നിന്ന് പോകാമെന്നാണ് ഇവർ പറയുന്നത്. അതിനുള്ള ശ്രമത്തിലാണ്. എങ്ങനെയും അവിടെ എത്തണം,” തൊടുപുഴക്കാരൻ നാസർ പറഞ്ഞു.

Also Read, Air India Express offers alternate plans to stranded Gulf passengers: ‘വഴികൾ അടഞ്ഞട്ടില്ല’; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ്

ഇത്തരത്തിൽ നിരവധി ആളുകളാണ് യാത്ര പുനഃക്രമീകരിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമൊക്കെയായി എയർ ഇന്ത്യ ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. അതേ സമയം, നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച മൂന്ന് മണിയോടെ പുനഃരാരംഭിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. വിമാനത്താവളത്തില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞു തുടങ്ങിയിട്ടുള്ളതാണ് അധികൃതർക്ക് പ്രതീക്ഷ നൽകുന്നത്. റണ്‍വേയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.