കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുന്നതിനുള്ള എയർ ഇന്ത്യയുടെ ഷെഡ്യൂൾ തയാർ. വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസമായ ഡിസംബര്‍ 9ന് രാവിലെ 10 മണിക്ക് അബൂദാബിയിലേക്കാണ് ആദ്യ വിമാനം പറക്കുക. 12.30ഓടെ വിമാനം അബൂദാബിയിലെത്തും. ഉച്ചയ്ക്ക് 1.30ഓടെ അബൂദാബിയില്‍ നിന്നും തിരികെ പറക്കുന്ന വിമാനം വൈകിട്ട് 7 മണിക്കാണ് കണ്ണൂരില്‍ തിരികെ ഇറങ്ങുക.

പിന്നീട് അബൂദാബിയിലേക്ക് ചൊവ്വ, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മണിക്കാണ് വിമാനം. തിരിച്ച് ഉച്ചയ്ക്ക് 12.30ന് പുറപ്പെടും. റിയാദിലേക്ക് വ്യാഴം, വെളളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുളളത്. രാത്രി 9.05നുളള വിമാനം പുലര്‍ച്ചെ 12.35ന് തിരികെ കണ്ണൂരിലേക്കും പുറപ്പെടും. ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വീസ്. രാത്രി 8.20ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 10 മണിക്ക് ദോഹയിലെത്തി രാത്രി 11 മണിക്ക് തന്നെ തിരിക്കും.

അതേസമയം ഡിസംബര്‍ 10ന് മാത്രമാണ് ഷാര്‍ജയിലേക്കുളള ​സര്‍വീസ് ആരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെളളി, ശനി എന്നീ ദിവസങ്ങളിലാണ് ഷാര്‍ജ സര്‍വീസ്. രാവിലെ 9ന് പുറപ്പെടുന്ന വിമാനം 11.30ന് ഷാര്‍ജയിലെത്തും. ഉച്ചയ്ക്ക് 12.30ന് വിമാനം തിരികെ പുറപ്പെടും.

ഡിസംബര്‍ ഒമ്പതിന് രാവിലെ പത്തിനാണ് അബൂദാബിയിലേക്കുള്ള വിമാനം പുറപ്പെടുക. രാവിലെ ഒമ്പതിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹം വരില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കേരളത്തിലെ നാലാം അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലേത്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ക്ക് ശേഷമാണ് കണ്ണൂര്‍ വിമാനത്താവളം സാധ്യമാകുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഏറെ ആശ്വാസമാകും പുതിയ വിമാനത്താവളം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ