കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും വിജയം കണ്ടു. രാവിലെ 9.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം 11.38-ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു

വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടമ്പയും ഇതോടെ സിയാല്‍ മറി കടന്നിരിക്കുകയാണ്. വിമാനത്തിന്റെ യാത്രക്കാര്‍ക്കായുള്ള ബ്രിഡ്ജ് ബോര്‍ഡിങ് അടക്കമുള്ള മറ്റു സംവിധാനങ്ങളും ലാന്‍ഡിങ്ങിന് ശേഷം പരീക്ഷിച്ചു

പൈലറ്റിനെ കൂടാതെ ഡിജിസിഎയുടേയും എയർ ഇന്ത്യയുടേയും ഉദ്യോഗസ്ഥര്‍ വിമാനത്തിലുണ്ട്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ വിമാനത്താവളത്തില്‍ മുഴുവൻ സമയ സര്‍വ്വീസുകൾ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 29-ന് ചേരുന്ന കിയാല്‍ യോഗത്തില്‍ ഉദ്ഘാടന തീയതി സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെ അടുത്ത മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയേക്കും.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ ഡിജിസിഎ സംഘം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പരിശോധിച്ചിരുന്നു. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച സംഘം കഴിഞ്ഞ തവണത്തെ പരിശോധനയില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ നടപ്പാക്കിയതിലും തൃപ്തരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.