കൊച്ചി: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒൻപതിനാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ദിവസം ആദ്യത്തെ വിമാനം കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കാണ്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റേതാണ് ഈ സർവ്വീസ്. ഈ ദിവസം ആഘോഷമാക്കാനാണ് നാട്ടുകാരുടെയെല്ലാം കാത്തിരിപ്പ്.
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ശേഷം പൊതുജനത്തിനായി തുറന്നുകൊടുത്തപ്പോൾ ഉണ്ടായ തിക്കും തിരക്കും തന്നെ ചരിത്രമാണ്. ലോകത്ത് ഇന്നുവരെ മറ്റൊരു വിമാനത്താവള കെട്ടിടവും കാണാൻ ഇങ്ങിനെ ജനം ഒഴുകിയെത്തിയ കഥ ഉണ്ടാവില്ല! സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിലിറങ്ങിയ ട്രോളുകൾ മറ്റൊരു കഥ.
എന്നാൽ ഈ തിക്കും തിരക്കും ടിക്കറ്റെടുക്കാനും കാണുമെന്ന് എയർ ഇന്ത്യ പ്രതീക്ഷിച്ചതല്ല. അല്ലെങ്കിലും കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പതിനായിരം രൂപയും മുടക്കി വെറുതെ ഒന്ന് പോയി വരാമെന്ന് ആരെങ്കിലും കരുതുമോ? പക്ഷെ അവർ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്.
നവംബർ 13 ന് രാവിലെ 10.30 നാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. മണിക്കൂറുകൾക്കുളളിൽ വിമാനത്തിലെ 189 ടിക്കറ്റും വിറ്റുതീർന്നു. അത് മാത്രമല്ല, അബു ദാബിയിൽ നിന്ന് കണ്ണൂരിലേക്ക് തിരികെയുളള വിമാനത്തിലും ടിക്കറ്റുകൾ ബാക്കിയായില്ല. അതും ആദ്യ മണിക്കൂറിൽ തന്നെ തീർന്നുപോയി.
കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് ആദ്യ ടിക്കറ്റ് 9000 രൂപയ്ക്കാണ് വിറ്റത്. എന്നാൽ പിന്നീട് വേഗത്തിൽ ടിക്കറ്റുകൾ വിറ്റുപോയതോടെ നിരക്ക് കൂട്ടി. അവസാന ആറ് ടിക്കറ്റുകൾ വിറ്റത് 33000 രൂപയ്ക്കാണ്. ഉദ്ഘാടന ദിവസമായ ഡിസംബർ ഒൻപതിന് രാവിലെ പത്തിനാണ് വിമാനം അബു ദാബിയിലേക്ക് പോവുക.
അബുദാബിയിൽ നിന്ന് തിരികെ കണ്ണൂരിലേക്കുളള ടിക്കറ്റ് വാങ്ങാനും ഉണ്ടായിരുന്നു ഈ തിരക്ക്. ഓൺലൈനായി വിറ്റ ആദ്യ ടിക്കറ്റിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിന് കിട്ടിയത് 670 ദിർഹമാണ്. ഏതാണ്ട് 12670 ഇന്ത്യൻ രൂപ. എന്നാൽ അവസാന ടിക്കറ്റ് ആയപ്പോഴേക്കും വില 2470 ദിർഹമായി. അതായത് 49000 രൂപ!
ആദ്യ വിമാനത്തിലെ യാത്രക്കാരൻ എന്ന ക്രഡിറ്റ് മാത്രം നേടാനാണ് ഇത്രയും പണം മുടക്കിയതെന്നതാണ് പ്രധാനം. എന്നാൽ ഇതേ ദിവസം തന്നെ റിയാദിലേക്ക് കണ്ണൂരിൽ നിന്നും പോകുന്ന വിമാനത്തിൽ ഈ തിരക്കില്ലെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ദോഹയിലേക്കും ഇതേ ദിവസം തന്നെ സർവ്വീസ് ഉണ്ടെങ്കിലും അതിലും ടിക്കറ്റിന് ആവശ്യക്കാർ കുറവാണ്.
“സമീപകാലത്ത് തന്നെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വിമാനത്താവളങ്ങളിൽ ഒന്നായി കണ്ണൂർ മാറുമെന്നാണ് ഞങ്ങളുടെ വിശ്വാസം,” എന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സിഇഒ കെ ശ്യാം സുന്ദർ പറഞ്ഞു. ഫെയ്സ്ബുക്കിലെ തങ്ങളുടെ പേജിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഭാവിയിൽ കൂടുതൽ സർവ്വീസ് കണ്ണൂരിലേക്ക് നടത്താനാവും. ഇതിലൂടെ എയർ ഇന്ത്യ എക്‌സ്പ്രസിന് ലാഭമേറിയ സർവ്വീസുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.