കൊച്ചി: കോവിഡ്-19 വ്യാപനത്തിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരടക്കമുള്ള മുന്നണി പോരാളികൾക്ക് സൈന്യം ഇന്ന് രാവിലെ ആദരമർപ്പിക്കും.ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക വിമാനങ്ങൾ ആകാശപ്പരേഡ് നടത്തുകയും നേവി ഹെലികോപ്‌റ്ററുകൾ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് മുകളിൽ പൂക്കൾ വിതറുകയും കപ്പലുകൾ പ്രകാശം തെളിയിക്കുകയും ചെയ്യും. കേരളത്തിൽ ദക്ഷിണ നാവിക കമാൻഡ്, ദക്ഷിണ വ്യോമ സേന എന്നിവർക്കൊപ്പം തീര സംരക്ഷണ സേനയും ചടങ്ങിൽ പങ്കാളിയാവും. ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയാണ് ഫ്ലെെപാസ്. കോവിഡ് ആശുപത്രികൾക്ക് മുകളിൽ പുഷ്‌പവൃഷ്‌ടിയുണ്ടാകും.
Read More: കോവിഡ്-19: മുൻനിര പോരാളികൾക്ക് ആദരമർപ്പിക്കാൻ സൈന്യം
കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡ്, ചടങ്ങിനായുള്ള റിഹേഴ്സൽ ഇന്നലെ നടത്തിയിരുന്നു. കപ്പലുകളിൽ പ്രകാശ വിന്യാസം നടത്തിയുള്ള റിഹേഴ്സലിന്റെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.
കൊച്ചിയിൽ നാവിക സേനയുടെ നാല് കപ്പലുകളിലാണ് ഇന്ന് പ്രകാശം തെളിയിക്കുക. നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ എറണാകുളം ജില്ലാ ആശുപത്രിക്ക് മുകളിൽ പുഷ്പ വൃഷ്ടി നടത്തും.
വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങളിൽ തീര രക്ഷാ സേനാ കപ്പലുകളിലും ദീപം തെളിയിക്കും. വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും പുഷ്പവൃഷ്ടി നടത്തും.
ശ്രീനഗറിൽ നിന്ന് തിരുവനന്തപുരത്തേക്കും അസമിലെ ദിബ്രുഗട്ടിൽ നിന്ന് ഗുജറാത്തിലെ കച്ചിലേക്കുമാണ് ആകാശപരേഡ് നടക്കുന്നത്. മൂന്ന് സേനാ മേധാവികൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്താണ് സൈന്യം ആരോഗ്യപ്രവർത്തകരെ ആദരിക്കുമെന്ന് അറിയിച്ചത്.
ഡല്‍ഹിയിലെ പോലിസ് മെമ്മോറിയലിലാണ് ആദ്യം പുഷ്പവൃഷ്ടി നടത്തുക. തുടര്‍ന്ന് 10.30ന് വെസ്റ്റേണ്‍ എയര്‍ കമാൻഡിലെ വിമാനം ഡല്‍ഹിയിലാകമാനം പുഷ്പവൃഷ്ടി നടത്തും. ഇത് മൂന്നാം തവണയാണ് കോവിഡ് പ്രതിരാേധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യപ്രവർത്തകരെ രാജ്യം ആദരിക്കുന്നത്.
രാജ്യത്തേർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിറകേയായിരുന്നു സൈനിക മേധാവികളുടെ വാർത്താസമ്മേളനം.
Read More: മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്ക് വീടുകളിലെത്താം; ചെയ്യേണ്ടത് ഇതെല്ലാം
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മൂന്ന് സൈനിക മേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുന്നത് ആദ്യമായിട്ടാണ്. അഭൂതപൂര്‍വ്വമായിട്ടാണ് ഇത്തരത്തിലൊരു വാര്‍ത്താസമ്മേളനം നടക്കുന്നതും.
Read More: കേരളത്തിലേക്ക് തിരിച്ചെത്താൻ പാസ്: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ അറിയേണ്ടതെല്ലാം