തിരുവനന്തപുരം: അർബുദ ചികിത്സക്കായി ഡോക്ടർമാർ ഗർഭഛിദ്രം നിർദേശിച്ചപ്പോൾ ഗർഭണിയായ സപ്‌ന ട്രേസി ഒന്നു മാത്രമാണ് ആവശ്യപ്പെട്ടത്. “ജീവിക്കാനുള്ള അവകാശം എല്ലാവരെയും പോലെ ആ കുഞ്ഞിനുമുണ്ട്. അതുകൊണ്ട് കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ചികിത്സയെ കുറിച്ച് ആലോചിക്കാം”. തന്റെ എട്ടാമത്തെ കുഞ്ഞിന് ജന്മം നൽകി അൽപ ദിവസത്തിന് ശേഷം സപ്‌ന മരണത്തിനു കീഴടങ്ങി.

ആറു മാസം ഗർഭിണി ആയിരുന്നപ്പോഴാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ സപ്‌നക്ക് ഗർഭഛിദ്രം നിർദേശിച്ചത്. സ്തനാർബുദം ഗുരുതരാവസ്ഥയിലായിരുന്നു. റേഡിയേഷൻ, കിമോതെറാപ്പി എന്നിവ ഉടനടി ചെയ്യണമായിരുന്നു. തികഞ്ഞ മതവിശ്വാസിയായ സ്വപ്ന ട്രേസിക്കു വയറ്റിലുള്ള കുട്ടിയുടെ ജീവനായിരുന്നു വലുത്.

സപ്‌നയും ഭർത്താവ് ജോജുവും ചെറുപ്പത്തിലേ തന്നെ ജീസസ്‌ യൂത്ത് ആൻഡ് കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ മൂവ്മെന്റിന്റെ സജീവ പ്രവർത്തകരായിരുന്നു. സപ്‌ന ഡൽഹി എയിംസ് ആശുപത്രിയിലെ സീനിയർ നഴ്സിങ് സൂപ്രണ്ടും, ജോജു സാമൂഹ്യ പ്രവർത്തകനുമാണ്. ഈ അടുത്ത കാലത്തായി ഇരുവരും പ്രൊ ലൈഫ് മൂവ്മെൻറ്റുമായി ചേർന്ന് വലിയ കുടുംബത്തെ കുറിച്ചും ഗർഭച്ഛിദ്രത്തിനെതിരെയും പ്രചരണം നടത്തിവരികയായിരുന്നു. ഫരീദാബാദിലെ കേരള കത്തോലിക്ക രൂപത ഏറ്റവും വലിയ കുടുംബം നയിക്കുന്നതിന് ഇവരെ ആദരിക്കുകയും ചെയ്തിരുന്നു.

എട്ടാമതും ഗർഭിണിയായതിന്റെ മൂന്നാം മാസമാണ് സപ്‌നക്ക് സ്തനാർബുദമാണെന്ന് സ്ഥിരീകരിക്കുന്നത്. പെട്ടെന്ന് ഗർഭം അലസിപ്പിച്ചു ശസ്ത്രക്രിയ ചെയ്യാനായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അത് തന്നെ ഉപദേശിച്ചു. എന്നാൽ സപ്‌ന തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ചികിൽസ പെട്ടെന്ന് തുടങ്ങിയില്ലെങ്കിൽ ഏഴു മക്കൾക്കും അമ്മയില്ലാത്ത അവസ്ഥ വരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. “എനിക്കു മാത്രമേ ഈ കുഞ്ഞിന് ജന്മം നൽകാൻ കഴിയുകയുള്ളൂ. മറ്റു മക്കളെ ഭൂമിയിലെ നല്ല ഹൃദയം ഉള്ളവർ നോക്കിക്കൊള്ളും”. എന്നാണ് സപ്‌ന പറഞ്ഞതെന്ന് ജോജു പറഞ്ഞു. മാസ്റ്റക്ടമി ആറാം മാസം ചെയ്‌തെങ്കിലും, റേഡിയേഷനും, കിമോതെറാപ്പിയും പ്രസവശേഷം മതിയെന്ന് സപ്‌ന ശഠിച്ചു.

പ്രസവശേഷം കുറച്ചു മാസത്തിനു ശേഷമാണ് സപ്‌ന ചികിത്സ തുടങ്ങിയത്. ഒരു വർഷം മുൻപ് തന്നെ കാൻസർ ശ്വാസ കോശത്തിലേക്കു വ്യാപിച്ച കാര്യം ഡോക്ടർമാർ സപ്‌നയോട് പറഞ്ഞിരുന്നു. തുടർന്ന് ഏഴുമക്കളെയും ജോജു സ്വദേശമായ തൃശൂരിലെത്തിച്ചു. ചികിൽസ പ്രസവ ശേഷം മതിയെന്ന സപ്‌നയുടെ തീരുമാനത്തെ ജോജു പിന്തുണച്ചു. “ജീവൻ അമൂല്യമാണ്. അതില്ലാതാക്കാൻ നമുക്കധികാരമില്ല. സപ്‌നയ്ക്ക് ആരോഗ്യമുണ്ടായിരുന്നുവെങ്കിൽ വീണ്ടും പ്രസവിച്ചേനെ”. ജോജു പറഞ്ഞു.

അമ്മയുടെ രോഗത്തെ കുറിച്ച് ജോജു കുട്ടികളെ ബോധവൽക്കരിക്കുമായിരുന്നു. “‘അമ്മ ഒരു ദിവസം നമ്മെ വിട്ടു പോകും” എന്ന് ജോജു കുട്ടികളോട് പറയുമായിരുന്നു. അവരെ താൻ ജീവിതത്തിൽ പ്രതീക്ഷയുള്ളവരായി വളരാൻ പരിശീലിപ്പിച്ചുണ്ടെന്നും ജോജു പറഞ്ഞു.

“വലിയ കുടുംബത്തെ ഞങ്ങൾ എന്നും പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ”. കേരളാ കാത്തലിക് ബിഷപ് കൗൺസിലിന്റെ ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.പോൾ മാടശ്ശേരി പറയുന്നു. കൂടുതൽ കുട്ടികളെ പോറ്റി വളർത്താൻ പ്രാപ്തിയുള്ള മാതാപിതാക്കൾ അതിനു തുനിയുക തന്നെ വേണമെന്നാണ് സഭയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. “സ്വപ്നയുടെ നിലപാടിനെ ഞങ്ങൾ പിന്തുണച്ചിരുന്നു”. അദ്ദേഹം പറഞ്ഞു.

1960- 70 കാലഘട്ടത്തിൽ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടുള്ള പ്രചാരണത്തിന് കത്തോലിക്ക സഭ നേതൃത്വം നൽകിയിരുന്നു. കേരളത്തിലെ ക്രൈസ്‌തവരിൽ 19 ശതമാനവും കാതോലിക്കാരാണ്. സാമ്പത്തികമായും സാമൂഹികമായും പ്രബല വിഭാഗവും ഇവരാണ്. കുടുംബാസൂത്രണം എന്ന ആശയത്തെ നേരത്തെ തന്നെ സ്വീകരിച്ചത് കൊണ്ടാണ് ഈ വിഭാഗത്തിനിടയിൽ അഭിവൃദ്ധി ഉണ്ടായതെന്ന വാദം പോലും നിലനിൽക്കുന്നുണ്ട്. എന്നാൽ സഭ ഇന്ന് പ്രോത്സാഹിപ്പിക്കുന്നത് വലിയ കുടുംബത്തെയാണ്. കത്തോലിക്കർക്കിടയിൽ നിന്നും വലിയ ശതമാനം വിദേശത്ത്‌ സ്ഥിര താമസമാക്കുന്നത് ജനസംഖ്യ കുറഞ്ഞു വരുവാൻ ഇടയാക്കുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ