തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പരിശോധനാഫല പ്രകാരം എച്ച്ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയിരുന്നതായി സ്ഥിരീകരിച്ചു.
ചികിത്സയ്ക്കിടെ 48 പേരുടെ രക്തം കുട്ടിക്ക് രക്തം നൽകിയിരുന്നെന്നും ഇതിൽ ഒരാൾക്ക് എച്ച്ഐവി രോഗം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിൻഡോ പിരീഡിൽ ആയിരുന്നത് കൊണ്ടാണ് രോഗം തിരിച്ചറിയാതിരുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ചെന്നൈയിലെ കേന്ദ്രത്തിൽ പരിശോധിച്ചപ്പോൾ ‘നെഗറ്റീവ്’ ഫലമാണ് നേരത്തെ കണ്ടത്.
രക്താർബുദം ബാധിച്ച കുട്ടിയെ കഴിഞ്ഞ വര്ഷം മാർച്ചിലാണു തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചത്. അന്ന് എച്ച്ഐവി ഉൾപ്പടെ പരിശോധന നടത്തിയിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം നാലു തവണ കീമോതെറപ്പി നടത്തുകയും പല തവണ രക്തം സ്വീകരിക്കുകയും ചെയ്തു. ഓഗസ്റ്റിൽ കീമോതെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. തുടർന്ന് മുംബൈയിൽ ഉൾപ്പെടെ ലാബുകളിൽ വിദഗ്ധ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു.
മാതാപിതാക്കൾക്ക് എച്ച്ഐവി ഇല്ലെന്നു പരിശോധനയിൽ വ്യക്തമായി. ആർസിസിയിൽ നിന്നാണു രോഗം പകർന്നതെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കൾ മന്ത്രി കെ.കെ.ശൈലജയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. രോഗം ഗുരുതരമായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ഹരിപ്പാടു സ്വദേശിയായ പതിനൊന്നുകാരി മരിച്ചത്.