തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയിട്ടുള്ളത്. വിന്‍ഡോ പിരീഡില്‍ ഇരിക്കുന്ന ഏതെങ്കിലും രക്തദാതാവിന്റെ രക്തത്തില്‍ നിന്നായിരിക്കാം എച്ച്ഐവി പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആര്‍സിസി ഡയറക്ടര്‍ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.
എച്ച്ഐവി ബാധ ഉണ്ടായ സംഭവത്തിൽ ആർസിസിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നു സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കണ്ടെത്തിയിരുന്നു. ദാതാവിൽ നിന്നു രക്തം എടുക്കുന്നതു മുതൽ രോഗിക്കു നൽകുന്നതുവരെയുള്ള കാര്യങ്ങളിൽ ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ആർസിസി പാലിക്കുന്നുണ്ട്. നാല് ആഴ്ച മുതൽ ആറുമാസത്തിനുള്ളിൽ വരെ രക്തദാതാവിന് എച്ച്ഐവി ബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അതു കണ്ടെത്താനുള്ള സംവിധാനം ആർസിസിയിൽ ഇല്ലെന്നു കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ.രമേശ് വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടി ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയിരുന്നു. ആര്‍സിസിയിലെ പരിശോധനയില്‍ രക്താര്‍ബുദമുള്ളതായി സ്ഥിരീകരിക്കുകയും തുടര്‍ന്ന് കുട്ടിയ്ക്ക് റേഡിയേഷന് തെറാപ്പി നടത്തുകയും ചെയ്തു.
തെറാപ്പിയ്ക്കുശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്ഐവി ബാധിച്ചതായി സ്ഥിരീകരിച്ചത്. മാര്‍ച്ചിന് മുമ്പുള്ള രക്തപരിശോധനയിലെല്ലാം എച്ച്ഐവി നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് ആര്‍സിസി അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.