കൊച്ചി: എയിഡഡ് കോളേജ് അധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി ശമ്പളവും ആനുകൂല്യവും നിഷേധിക്കുന്നതായി പരാതി. നിയമന അംഗീകാരം ലഭിച്ചവര്‍ക്ക് ഉത്തരവ് ലഭിക്കുന്നില്ല. എറണാകുളം കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതിനല്‍കിയിരിക്കുന്നത്.

കേരള, എം ജി സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ ആലപ്പുഴ, എറണാകുളം ഇടുക്കി ജില്ലകളിലെ എയിഡഡ് കോളേജ് അധ്യാപകരുടെ നിയമന ഉത്തരവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് എറണാകുളം കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നാളുകളായി തീര്‍പ്പാകാതെ കിടക്കുന്നത്.

സര്‍വ്വകലാശാല നിയമന അംഗീകാരം നല്‍കിയ അധ്യാപകര്‍ക്ക് നിയമന ഉത്തരവ് നല്‍കി നല്‍കി ശമ്പളം അനുവദിക്കേണ്ടത് എറണാകുളം കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസില്‍ നിന്നാണ്. 2015ല്‍ ആലപ്പുഴയിലെ വിവിധ എയിഡഡ് കോളേജുകളില്‍ അധ്യാപകരായി ജോലിയില്‍ പ്രവേശിച്ച നിരവധി അധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല. നിമനാംഗീകാരത്തിനുള്ള ഫയലുകള്‍ മൂന്നുമുതല്‍ ആറ് മാസം വരെ ഒറ്റ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് വിശ്രമിക്കുന്നതായി അധ്യാപര്‍ പരാതിയില്‍ പറയുന്നു.

നിയമന അംഗീകാരത്തിനായി കഴിഞ്ഞ ഡിസംബറില്‍ എറണാകുളം മേഖലാ കോളേജ് വിദ്യാഭ്യാസ ഓഫീസിലെത്തിയ ഒരു ഫയലില്‍ ആ അധ്യാപകന് മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലന്ന് ഒരു ഉദ്യോഗസ്ഥന്‍ കുറിപ്പെഴുതി. 2009 ജൂലായിലെ യു ജി സി റഗുലേഷന്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുകയോ പി.എച്ച് ഡി നേടുകയോ ചെയ്തവര്‍ക്ക് നെറ്റ് യോഗ്യത ആവശ്യമില്ലന്നാണ് യുജിസി ചട്ടം. ഇത് അംഗീകരിച്ചുകൊണ്ട് 2010ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. യുജിസി സിനമമനുസരിച്ച് 2014ല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം നേടി ഒരധ്യാപകന്റെ നിയമന ഉത്തരവാണ് എറണാകുളം കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ കുറിപ്പെഴുതിയത്.

ഇതുമൂലം ആ അധ്യാപകന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ശമ്പളവും ആനുകൂല്യവുമാണ് തടയപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ അധ്യാപകന്‍ വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതിനല്‍കി. കേരള സര്‍വ്വകലാശാല സെനറ്റംഗമായ ഒരധ്യാപരന്റെ യു ജി സി ശമ്പള കുടിശിഖയുടെ ഫയല്‍ ആറ് മാസമാണ് ഈ ഉദ്യോഗസ്ഥന്‍ തീര്‍പ്പാക്കാതെ വെച്ചത്. അധ്യാപകരെ ദ്രോഹിക്കുന്ന എറണാകുളം കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകര്‍ പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.