/indian-express-malayalam/media/media_files/uploads/2022/04/kv-thomas-on-his-participation-in-cpim-party-congress-636968-FI.jpg)
ന്യൂഡൽഹി: പാർട്ടി വിലക്ക് മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാർശ ചെയ്‌തെന്ന് റിപ്പോർട്ടുകൾ. കെ.വി.തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കുമെന്നാണ് സൂചന. ഇന്ന് ചേർന്ന കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ സോണിയ ഗാന്ധിക്ക് കൈമാറും. സോണിയ ഗാന്ധി നടപടി തീരുമാനിക്കുമെന്ന് താരീഖ് അൻവർ പറഞ്ഞു.
എ.കെ.ആന്റണി അധ്യക്ഷനായ അഞ്ചംഗ അച്ചടക്ക സമിതിയാണ് നടപടിക്ക് ശുപാർശ ചെയ്‌തത്. നേരിൽ കണ്ട് വിശദീകരണം നൽകാൻ അവസരം നൽകണമെന്ന കെ.വി.തോമസിന്റെ ആവശ്യം അച്ചടക്ക സമിതി തള്ളി.
അതേസമയം, അച്ചടക്ക സമിതിയുടെ തീരുമാനം വരട്ടെയെന്നും താൻ എന്നും കോൺഗ്രസുകാരനായിരിക്കും എന്നുമായിരുന്നു കെ.വി.തോമസിന്റെ പ്രതികരണം. സോണിയ ഗാന്ധിയെ നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കെ.വി.തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന പ്രതികരണവുമായി കെ.വി.തോമസും രംഗത്തെത്തിയിരുന്നു. ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സംഘടിത ശ്രമമാണ് നടക്കുന്നതെന്നും ഒരുപാട് നാളായി തുടരുന്നതാണിതെന്നും കെ.വി.തോമസ് പറഞ്ഞിരുന്നു.
Also Read: സിൽവർലൈൻ സംവാദം: സർക്കാർ ഏറ്റെടുത്ത് നടത്തണമെന്ന് അലോക് വർമ്മ; വിശദീകരണവുമായി കെ-റെയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.