ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത എഐസിസി അംഗം കെവി തോമസിനു കാരണം കാണിക്കല്‍ നോട്ടിസ്. എ കെ ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്ക സമിതിയുടേതാണു തീരുമാനം.
നോട്ടിസ് നല്കാന് തീരുമാനിച്ചതായും കെ വി തോമസ് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കെവി തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി നല്കിയ പരാതിയിലാണ് അച്ചടക്ക സമിതിയുടെ തീരുമാനം. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാവുമെന്ന് സുധാകരന് സെമിനാറിനു മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണെന്നും പറഞ്ഞിരുന്നു.
അതേസമയം, അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. നോട്ടിസിനു മറുപടി നല്‍കും. മറുപടി നല്കാന് ഒരാഴ്ചത്തെ സമയമൊന്നും വേണ്ട. 48 മണിക്കൂര്‍ മതി. വിഷയം അച്ചടക്കസമിതി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കെ വി തോമസിനെതിരെ അടിയന്തിര നടപടി വേണമെന്ന കെ പി സി സി നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നതു ശ്രദ്ധേയമാണ്. അച്ചടക്ക സമിതി ഉചിത തീരുമാനമെടുക്കുമെന്നും കാരണം കാണിക്കല്‍ നോട്ടിസ് നല്കുകയെന്നതു നടപടി ക്രമമത്തിന്റെ ഭാഗമാണെന്നുമാണ് കെ സുധാകരന്റെ പ്രതികരണം.
Also Read: കണ്ണില്ലാ ക്രൂരത; പണം ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ മകൻ തല്ലിച്ചതച്ചു
കെ വി തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണെന്നു കെ സുധാകരന് നേരത്തെ പറഞ്ഞിരുന്നു. ഒരു രാഷ്ടീയ പാര്‍ട്ടിയുടെ സെമിനാറില്‍ പങ്കെടുക്കുന്നതിനെയല്ല എതിര്‍ത്തത് മറിച്ച് കോണ്‍ഗ്രസുകാരെ കൊന്നുതള്ളിയ പാര്‍ട്ടിയുടെ വേദിയില്‍ പോയതിനാണെന്നും സുധാകരന് പറഞ്ഞു.
ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസുകാരനാണ് കെ വി തോമസെങ്കില്‍ പ്രവര്‍ത്തകരുടെ വികാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് സിപിഎം വേദിയില്‍ പോയി പ്രസംഗിക്കാനാവില്ല. പാര്‍ട്ടിയോട് വിശ്വാസവഞ്ചന കാണിച്ച, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ഒരാളായി മാത്രമേ ഇപ്പോള്‍ അദ്ദേഹത്തെ കാണാനാവൂ. ഒരു വര്‍ഷമായി അദ്ദേഹം സിപിഎമ്മുമായി ധാരണയിലായിരുന്നു. തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനു പങ്കില്ല. മറിച്ചു തെളിയിച്ചാല്‍ തോമസിനു മുന്നില്‍ കുമ്പിട്ടു നില്ക്കാം. സിപിഎം പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെന്ന് കെ.വി തോമസ് തെളിയിച്ചാല്‍ അദ്ദേഹത്തിനോട് ക്ഷമപറയാനും കുമ്പസരിക്കാനും തയാറാണെന്നും സുധാകരന് പറഞ്ഞു.
തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയെന്ന അജന്‍ഡ കെ സുധാകരന് നടപ്പാക്കുകയാണെന്നാണ് കെ വി തോമസ് ഇന്ന് ആരോപിച്ചിരുന്നു. തനിക്കു സോണിയ ഗാന്ധിയുടെ പിന്തുണയുണ്ടെന്നും കെ വി തോമസ് പാര്‍ട്ടിയിലുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.