കോഴിക്കോട്: എഐ ക്യാമറ കരാറുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം വിഷയത്തില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെ നേരിടാന്‍ തയാറാകാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് സതീശന്‍ പരിഹസിച്ചു.
ഊരാളുങ്കൽ ഉള്‍പ്പടെയുള്ള കമ്പനികൾ ഉപ കരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മിഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകു, സതീശന്‍ ആവശ്യപ്പെട്ടു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പടിവാതിലിലാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ഭയമാണ്. ഇത്ര ഭീരുവായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉപ കരാർ കൊടുക്കരുതെന്ന് കരാറില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ലംഘിച്ചാണ് നടപടികൾ. പ്രസാഡിയോ കമ്പനിക്ക് സർക്കാരുമായുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണ്. വിജിലന്‍സ് അന്വേഷണം വെറും പ്രഹസനം മാത്രമാണ്, സതീശന്‍ വ്യക്തമാക്കി.
പിണറായി സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മേയ് 20-ാം തീയതി സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തുമെന്ന പ്രഖ്യാപനവും സതീശന്‍ നടത്തിയിട്ടുണ്ട്.