തൃശൂര്‍: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച സംസ്ഥാന സര്‍ക്കര്‍ പദ്ധതിയില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു, ഇത് പിന്നീട് 232 കോടി ആയതെങ്ങനെയെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കൊള്ളയാണിത്. എസ്‌ഐആര്‍ടി എന്ന ബംഗളൂരു കമ്പനിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കി. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മുന്‍പരിചയമില്ലെന്നും കെല്‍ട്രാണ്‍ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. 151. 22 കോടിക്കാണ് കെല്‍ട്രോണ്‍ എസ്‌ഐആര്‍ടിക്ക് കരാര്‍ നല്‍കിയത്. എസ്‌ഐആര്‍ടി മറ്റ് രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം നാലാഞ്ചിറയിലും ലൈറ്റ് മാസ്റ്റര്‍ ലൈറ്റ്‌നിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള റസാദിയോ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കാണ് എസ്‌ഐആര്‍ടി ഉപകരാര്‍ നല്‍കിയത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നാണ് ഈ ഉപകരാറില്‍ പറയുന്നത്. 30 ശതമാനം ലൈഫ് മാസ്റ്ററിനും 60 ശതമാനം പ്രസാദിയോക്കും കൊടുക്കാമെന്നാണ് ധാരണ. ഈ കമ്പനികള്‍ക്കൊന്നും ഈ തരം പദ്ധതികളില്‍ യാതൊരു മുന്‍പരിചയവുമില്ല. ഈ എഗ്രിമെന്റുമായി മുന്നോട്ട് പോയപ്പോള്‍ ലൈറ്റ് മാസ്റ്റര്‍ കമ്പനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിന്മാറി. സര്‍ക്കാര്‍ പിന്നീട് പുതിയൊരു കരാറുമായി മുന്നോട്ട് വന്നു. 232 കോടിയുടെ പദ്ധതിയാണെന്ന് പ്രഖ്യാപിച്ചു. 75 കോടിക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോള്‍ 232 കോടിയായെന്നും ചെന്നിത്തല പറഞ്ഞു.