scorecardresearch

എഐ ക്യാമറ: ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും, കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടിയതായി മന്ത്രി

മേയ് അഞ്ച് മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ നോട്ടിസ് അയച്ച് തുടങ്ങിയത്.

antony raju, cpm, ie malayalam
ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവ് വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നത് വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ മേയ് 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനം. 2 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കുത്ത് സംബന്ധിച്ച് ഭേദഗതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചത്. ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുണ്ടെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കാത്ത തരത്തില്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മേയ് അഞ്ച് മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ നോട്ടിസ് അയച്ച് തുടങ്ങിയത്. ജൂണ്‍ നാലുവരെമാത്രമേ ഇതുണ്ടാകൂ. ഇതിനുശേഷം പിഴനോട്ടീസ് അയച്ചുതുടങ്ങും. ഉദ്യോഗസ്ഥതലത്തില്‍ പ്രാഥമിക പരിശോധന നടത്തിയശേഷമാകും പിഴ ചുമത്തുക. ആകെ 726 ക്യാമറകളില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താനായാണ് സ്ഥാപിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ai camera mvd seeks relaxation in family bike passengers