scorecardresearch

ഒരു മാസം നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ല; എഐ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

antony raju, cpm, ie malayalam
ആന്റണി രാജു

തിരുവനന്തപുരം: എഐ ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം പിടികൂടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഒരു മാസം എ.ഐ. ക്യാമറ ബോധവത്കരണ മാസമാണ്, മേയ് 20 മുതലുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങുമെന്നും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി പറഞ്ഞു.

ക്യാമറകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ല. നിയമം തെറ്റിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറ്റാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1500 രൂപയും പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടി വരും. റോഡുകള്‍ നല്ല നിലവാരത്തിലായതിനാല്‍ വേഗത്തിന്റെ കാര്യത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. പുതുതലമുറ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവര്‍ക്കും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവര്‍ക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്നങ്ങളോ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ai camera inauguration