തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടതില്ലെന്നും നടക്കുന്നത് സര്‍ക്കാരിനെതിരായ പ്രചാരണം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം.
“പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ മറയ്ക്കാനുള്ള പ്രചാരവേലയാണ് നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും പറയുന്ന ആരോപണങ്ങളിലെ കണക്കുകളില്‍ വ്യത്യാസമുണ്ട്. സതീശൻ 100 കോടിയുടെ അഴിമതി എന്നും രമേശ് ചെന്നിത്തല 132 കോടി എന്നും പറയുന്നു,” ഗോവിന്ദന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതൃത്വത്തിനു വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ വടംവലിയാണ് നടക്കുന്നത്. ആദ്യം അഴിമതിയുടെ വിഷയത്തിൽ കോൺഗ്രസ് യോജിപ്പിലെത്തട്ടെ. ആർഎസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നത്. ഫാസിസ്റ്റുകള്‍ നടപ്പിലാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍, കള്ളപ്രചാരണങ്ങള്‍ നടത്തുന്നുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
“കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. രണ്ടാം ഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്,” ഗോവിന്ദന്‍ ആരോപിച്ചു
കെൽട്രോണുമായാണ് സർക്കാർ കരാറുണ്ടാക്കിയത്. ഉപകരാർ നൽകാമെന്ന് ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. 232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ ചെലവായത് 142 കോടി രൂപയാണ്. അഞ്ച് വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി രൂപ. ജി എസ് ടി 35.76 കോടിയാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
ഇതിൽ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു.
എഐ ക്യാമറ വിവാദങ്ങളില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചിരുന്നു. “ഇവിടെ മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. അതുകൊണ്ട് തന്നെ അദ്ദേഹം തന്നെയാണ് മറുപടി നല്‍കേണ്ടതും. പ്രതിപക്ഷം പുറത്തുവിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടുന്നത് ശരിയല്ല,” സതീശന്‍ വ്യക്തമാക്കി.
“മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്. ചോദ്യങ്ങളിലും അഴിമതി ആരോപണങ്ങളിലും മറുപടി പറയില്ല. തുടര്‍ ഭരണം കിട്ടിയതുകൊണ്ട് അഴിമതി ആരോപണങ്ങള്‍ ഇല്ലാതാകുന്നില്ല. റോഡുകള്‍ നന്നാക്കിയിട്ട് വേണം പിഴ ഈടാക്കാന്‍. ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.