/indian-express-malayalam/media/media_files/uploads/2023/04/antony-raju-.jpg)
എഐ ക്യാമറയില്‍ കുടുങ്ങിയത് 19 എംഎല്‍എമാരും 10 എംപിമാരും
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറ സ്ഥാപിച്ച് ഒരുമാസത്തിനിടെ എംപിമാരും എംഎല്‍എമാരും അടക്കമുള്ള വിഐപികളും കുടുങ്ങി. 19 എംഎല്‍എമാരും പത്ത് എംപിമാരുമാണ് എഐ ക്യാമറയില്‍ കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ക്യാമറയില്‍ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് ജനപ്രതിനിധികളെ കുടുക്കിയത്.
ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ എ.ഐ. ക്യാമറയില്‍ 32,42,277 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ ചലാന്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ചലാന്‍ അയച്ചത് 3,23,604 പേര്‍ക്കാണ്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
എ.ഐ. ക്യാമറകള്‍ വന്നതിനു ശേഷം വാഹനാപകടങ്ങളും മരണങ്ങളും നിയമലംഘനങ്ങളും കുറഞ്ഞതായാണ് വിലയിരുത്തല്‍. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us