scorecardresearch
Latest News

എഐ ക്യാമറ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്ന് കത്തിൽ പറയുന്നു

VD Satheesan, pinarayi vijayan, ie malayalam

തിരുവനന്തപുരം: എഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നത്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരുവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

എഐ ക്യാമറ പദ്ധതിയുടെ നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച ഒരു സര്‍വീസ് ലെവല്‍ എഗ്രിമെന്റ് നിലനില്‍ക്കുന്നതായി അറിയുന്നു. എന്നാല്‍ ഈ എഗ്രിമെന്റ് പൊതുജനമധ്യത്തില്‍ ലഭ്യമല്ല. ഈ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ക്കെതിരായാണ് കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചത് എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി എ.ഐ ക്യാമറകള്‍ ലഭ്യമായുള്ളപ്പോള്‍, ഉയര്‍ന്ന നിരക്കില്‍ ക്യാമറകളുടെ സാമഗ്രികള്‍ വാങ്ങി അസ്സെംബിള്‍ ചെയ്യുകയാണ് കെല്‍ട്രോണ്‍ ചെയ്തത്. മാര്‍ക്കറ്റില്‍ ലഭ്യമായുള്ള കാമറകള്‍ക്ക് വാറന്റിയും, മൈന്റെനന്‍സും സൗജ്യന്യമായി ലഭിക്കുമ്പോള്‍ ഇതിനായി ഭീമായ തുകയാണ് കെല്‍ട്രോണ്‍ അധികമായി കരാറില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് കത്തിൽ പറയുന്നു.

ഇത് കൂടാതെ, ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണ്‍സള്‍ട്ടന്റായി തിരെഞ്ഞെടുത്ത കെല്‍ട്രോണ്‍ പിന്നീട് കരാര്‍ കമ്പനികളെ തിരെഞ്ഞെടുക്കുന്നതും, മെയിന്റനന്‍സ് അടക്കമുള്ള ജോലികള്‍ അധികമായി നല്‍കിയതിലും ദുരൂഹത നിലനില്‍ക്കുകയാണ്. ധനവകുപ്പിന്റെ എതിര്‍പ്പുകളെ പോലും മറികടന്നുകൊണ്ട് കെല്‍ട്രോണിനെ ഈ പദ്ധതിയുടെ ചുമതല ഏല്പിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. അതോടൊപ്പം 232 ,കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ ഈ പദ്ധതിയുടെ കരാര്‍ എസ് ആര്‍ ഐ ടി എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് 151 കോടി രൂപയ്ക്കാണ് നല്‍കിയിരിക്കുന്നത്.

എസ് ആര്‍ ഐ ടി എന്ന സ്ഥാപനമാക്കട്ടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കിയത്. ഇതില്‍ നിന്നും എസ് ആര്‍ ഐ ടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് വ്യക്തമാണ്. ഇങ്ങനെ സാങ്കേതിക പരിജ്ഞാനമില്ലാത്ത കമ്പനിക്ക് എന്തടിസ്ഥാനത്തില്‍ കരാര്‍ ലഭിച്ചു എന്നതും അന്വേഷിക്കേണ്ടതുണ്ടെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ai camera deal vd satheesan letter to pinarayi vijayan