കൊച്ചി: എഐ ക്യാമറ വിവാദങ്ങളില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. “ഇവിടെ മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. അതുകൊണ്ട് തന്നെ അദ്ദേഹം തന്നെയാണ് മറുപടി നല്‍കേണ്ടതും. പ്രതിപക്ഷം പുറത്തുവിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടുന്നത് ശരിയല്ല,” സതീശന്‍ വ്യക്തമാക്കി.
“മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്. ചോദ്യങ്ങളിലും അഴിമതി ആരോപണങ്ങളിലും മറുപടി പറയില്ല. തുടര്‍ ഭരണം കിട്ടിയതുകൊണ്ട് അഴിമതി ആരോപണങ്ങള്‍ ഇല്ലാതാകുന്നില്ല. റോഡുകള്‍ നന്നാക്കിയിട്ട് വേണം പിഴ ഈടാക്കാന്‍. ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.
“എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. കഴിഞ്ഞകാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതികാരോപണങ്ങളിൽപെട്ട പദ്ധതികളും നടപടികളും സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. പ്രതിപക്ഷം കൊണ്ടുവന്ന രേഖകളുടെ ആധികാരികതയിൽ സർക്കാരിന് സംശയമുണ്ടോ,” സതീശന്‍ ചോദ്യം ഉന്നയിച്ചു.
എ.ഐ. ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതെന്നും നേരത്തെ രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
സേഫ് കേരള പദ്ധതിയിലെ അഴിമതിയെ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.