scorecardresearch
Latest News

എഐ ക്യാമറ: പുറത്തുവന്നത് അപ്രധാനമായ രേഖ, നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമെന്ന് പി.രാജീവ്

ടെന്‍ഡറില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ എന്നും മന്ത്രി പറഞ്ഞു.

p rajeev, com, ie malayalam
പി.രാജീവ്

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ്. വിവാദങ്ങള്‍ പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറുംപുകമറ മാത്രമാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധം എന്ന് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു ഉപകരാര്‍ എടുത്ത കമ്പനി ഹോട്ടലില്‍ താമസിച്ചതിന് ആര്‍ക്കെങ്കിലും പണം നല്‍കാനുണ്ടെന്നുള്ള രേഖയ്ക്ക് മറുപടി നല്‍കണം എന്ന് പറഞ്ഞാല്‍ അതിന് എന്ത് മറുപടി നല്‍കുമെന്നും അദ്ദേഹം ചോദിച്ചു. ടെന്‍ഡറില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ എന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയോയും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ തെളിവുകൊണ്ടുവരട്ടെ. പുറത്തുവന്നത് അപ്രധാനമായ രേഖയാണ്. സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവഴിക്കാത്ത പദ്ധതിയാണിത്. ക്യാമറക്ക് മാത്രമല്ല 256 കോടിയുടെ കരാര്‍ തുക. ഡാറ്റ ഓപ്പറേറ്റര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയ 146 ഓളം വരുന്ന ജീവനക്കാരുടെ അഞ്ചുവര്‍ഷത്തെ ശമ്പളം, മറ്റു സാങ്കേതികതകള്‍, നിയമലംഘനം നടത്തുന്നവര്‍ക്ക് പോസ്റ്റ് വഴി നോട്ടീസ് നല്‍കുന്നതിനുള്ള ചെലവ്, നികുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിബില്‍ എന്നിവയെല്ലാം ചേര്‍ത്താണ് കരാറെന്നും പി രാജീവ് പറഞ്ഞു.

രമേശ് ചെന്നിത്തല കൊടുത്ത ഹര്‍ജികള്‍ പൂട്ടി താക്കോലിട്ട് ചീഫ് ജസ്റ്റിസ് നടക്കുകയായിരുന്നുവെന്ന് പറഞ്ഞാല്‍ നീതിന്യായ വ്യസ്ഥയ്ക്കെതിരെ അതിഗുരുതരമായ പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്ന അതീവഗൗരവമായ കുറ്റമാണ്. ഞങ്ങളായിരുന്നു ഈ പരാമര്‍ശം നടത്തിയതെങ്കില്‍ മാധ്യമങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നും മന്ത്രി ചോദിച്ചു. കാടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍, ഹൈക്കോടതിയില്‍നിന്നുണ്ടായ നടപടി വേദനാജനകമായിരുന്നെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ai camera allegations minister p rajeev response