തിരുവനന്തപുരം: എ ഐ. ക്യാമറ അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാഴ്ചക്കാലമായി ഉയരുന്ന ആരോപണത്തില്‍ ഒരു മറുപടിയും പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഓരോ തെളിവുകളും സാവകാശത്തിലാണ് പ്രതിപക്ഷം പുറത്തു വിട്ടത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെയും ആരോപണം വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസാന അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയും വീടനകത്തേക്കും മുറിയ്ക്കകത്തേക്കും ആരോപണം കടന്നിരിക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രി ഉത്തരം പറയാതിരിക്കുന്നത് വിചിത്രമാണ്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അത് നിഷേധിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയാറായില്‍ പ്രതിപക്ഷം കൂടുതല്‍ കാര്യങ്ങള്‍ കൂടി പുറത്ത് വിടാം. ലോട്ടറി വിവാദത്തില്‍ സര്‍ക്കാര്‍ ആദ്യം എല്ലാ നിഷേധിച്ചു. പിന്നീട് അന്യസംസ്ഥാന ലോട്ടറികളൊക്കെ നിരോധിക്കേണ്ടി വന്നു. അതിന് സമാനമായി എല്ലാ രേഖകളും നിരത്തിയാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. ആരോപണം നിഷേധിക്കാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ല. പ്രതിപക്ഷം പുറത്ത് വിട്ട രേഖകളില്‍ ഇതുവരെ ആരും ഒരു സംശയവും ഉന്നയിച്ചിട്ടില്ല. ഇനിയും രേഖകള്‍ പുറത്ത് വരാനുണ്ട്. പ്രതിപക്ഷം പുറത്ത് വിട്ട രേഖകളാണ് ഇപ്പോള്‍ കെല്‍ട്രോണും പുറത്ത് വിട്ടിരിക്കുന്നത്. ഇതിലൂടെ രേഖകളെല്ലാം ഔദ്യോഗികമാണെന്ന് കെല്‍ട്രോണും സമ്മതിച്ചിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
അഴിമതി ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്‍.ഐ.ടിയും ഗൂഡാലോചന നടത്തി. ക്യാമറ ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ക്ക് യഥാര്‍ത്ഥ വിലയേക്കാള്‍ ഇരട്ടി വില നിശ്ചയിച്ച് കോടികള്‍ കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെ 235 കോടിയുടെ വ്യാജ എസ്റ്റിമേറ്റ് തയാറാക്കിയതായിരുന്നു ആദ്യ ഗൂഡാലോചന. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നും ഉപകരാറുകള്‍ കൊടുക്കാന്‍ പാടില്ലെന്ന് ടെന്‍ഡര്‍ ഡോക്യുമെന്റിലെ വ്യവസ്ഥ ലംഘിച്ച് 2020 ഒക്ടോബറില്‍ കെല്‍ട്രോണും എസ്.ആര്‍ഐ.ടിയും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഈ കാരാര്‍ അനുസരിച്ച് പ്രസാഡിയോ, അല്‍ഹിന്ദ് എന്നീ കമ്പനികളുമായി എസ്.ആര്‍ഐ.ടി കണ്‍സോര്‍ഷ്യം രൂപീകരിച്ചു. അല്‍ഹിന്ദ് പിന്നീട് ഇതില്‍ നിന്നും പിന്‍മാറി. 2021 മാര്‍ച്ച് മൂന്നിന് കെല്‍ട്രോണ്‍ അറിയാതെ എസ്.ആര്‍.ഐ.ടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഇസെന്‍ട്രിക് (Ecentric)എന്ന കമ്പനിയുമായി സര്‍വീസ് എഗ്രിമെന്റുണ്ടാക്കി. ടെന്‍ഡര്‍ ഡോക്യുമെന്റ് വ്യവസ്ഥയ്ക്ക് എതിരാണ്. ഈ എഗ്രിമെന്റെ് ഉണ്ടാക്കി പത്ത് ദിവസത്തിന് ശേഷം മാത്രമാണ് ഇക്കാര്യം കെല്‍ട്രോണിനെ അറിയിക്കുന്നത്. ഒക്ടോബറില്‍ പ്രസാഡിയോയും അല്‍ഹിന്ദുമായും 2020 ഒക്ടോബറില്‍ ഉണ്ടാക്കിയ എഗ്രിമെന്റ് നിലനില്‍ക്കെയാണ് പുതിയ എഗ്രിമെന്റുണ്ടാക്കിയത്. കെല്‍ട്രോണിന്റെ അറിവോടെയാണ് ടെന്‍ഡര്‍ ഡെക്യുമെന്റിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയതതെന്നും അദ്ദേഹം ആരോപിച്ചു.