അമച്വർ നാടകവേദിയിലെ നിറസാന്നിധ്യവും നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു. പ്രശസ്ത നാടക 64 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.30-നായിരുന്നു അന്ത്യം. ദീർഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോകും.
അഹമ്മദ് മുസ്ലിം എന്ന അതുല്യനടന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കലാകേരളം. “ചില മനുഷ്യരെ കണ്ടു തീർക്കാനാവില്ല. അനന്തമായി തുടരുന്നവർ. മനസ്സിൽ കൊതിയൂറും അവരെ കേട്ടാൽ. അഹമ്മദ് മുസ്ലീം മാഷിനെ കണ്ട നാൾ മുതൽ തന്നെ അദ്ദേഹം ഒരു ദിവസം മരിച്ചു പോകുമല്ലോ എന്നോർത്ത് ദുഖത്തിൽ തന്നെയാണു ഞാൻ. തീർത്തും സ്വാർത്ഥമായ ദുഖം.
മാഷിനെ കാണാതെ കഴിയുന്ന ഓരോ നിമിഷവും പാഴായി പോകുന്നതു പോലെ.
അദ്ദേഹം അഭിനയിക്കുന്നത്, ചിരിക്കുന്നത്, സംസാരിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന എക്സ്റ്റസി ലോകത്ത് മറ്റൊന്നിനും തരാൻ കഴിയില്ല എന്നറിയുന്നത് കൊണ്ടുതന്നെ. എന്തൊരു നടൻ! ഒരു മയക്കു മരുന്നിനോടെന്ന പോലെ ഞാൻ അദ്ദെഹത്തിനൊടു അടിമപ്പെട്ട് കിടക്കുകയാണ്. സൗന്ദര്യ ലഹരി ഒരുപക്ഷെ ആഴത്തിൽ മനസ്സിലായത് മാഷിനെ കാണാൻ തുടങ്ങിയതിന്മേലാണ്. ‘അദ്ദേഹം മരിച്ചു പോയൊ’ എന്ന ആതിരയുടെ മെസ്സേജ് രാവിലെ കണ്ടപ്പോൾ തന്നെ ഈ ലോകത്തിനെ മടക്കി വെച്ച് മറ്റേങ്ങോട്ടെങ്കിലും പോകാൻ ശ്രമിക്കുന്നു,” അഹമ്മദ് മുസ്ലീം എന്ന ഗുരുവിനെ കനി കുസൃതി ഓർക്കുന്നതിങ്ങനെ.
Completely heart broken by this news. in agony. The finest actor India had. I was so fortunate to witness his magic….
Posted by Kani Kusruti on Thursday, December 17, 2020
ശാസ്താംകോട്ട ഡി ബി കോളേജ് വിദ്യാർത്ഥിയായിരുന്ന അഹമ്മദിനെ ജി ശങ്കരപ്പിള്ളയാണ് നാടകവേദിയിലേക്ക് കൈപ്പിടിച്ചത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അഹമ്മദ് മുസ്ലിം. നടനും എഴുത്തുകാരനുമായി പി ബാലചന്ദ്രൻ, സംവിധായകൻ ശ്യാമപ്രസാദ് എന്നിവർക്കൊപ്പമാണ് സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഹമ്മദ് പഠിച്ചിറങ്ങിയത്. സഹപാഠികൾ സിനിമയുടെ വഴിയെ പോയപ്പോഴും അഹമ്മദ് നാടകവഴിയിൽ തന്നെ തന്റെ യാത്ര തുടർന്നു.
കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയായ അഹമ്മദ് മുസ്ലീം പ്രിയദർശൻ, ലെനിൻ രാജേന്ദ്രൻ, രാജീവ് നാഥ് എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന് നാടകവേദിയിൽ ഏറെ ശിഷ്യന്മാരുമുണ്ട്.