തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിന് മേലുള്ള നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്. കലക്ടറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായി തള്ളാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് സർക്കാരിന് നിയമോപദേശം നൽകിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തുടർനടപടികൾ സർക്കാരിന് സ്വീകരിക്കാമെന്നും എജി വ്യക്തമാക്കി.

അതേസമയം,​ കലക്ടറുടെ റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സർക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എജി ചൂണ്ടിക്കാട്ടുന്നു. കലക്ടറുടെ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ടെന്ന് വിവിധ വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെയാണ് ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൻമേൽ സർക്കാരിന് നിയമോപദേശം ലഭിച്ചത്. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയുടെ ഭാവി ചർച്ച ചെയ്യാൻ ഇടത് മുന്നണി യോഗം വിളിച്ചിരുന്നു. നാളെയാണ് എൽഡിഎഫിന്റെ നിർണായക യോഗം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.