കാസർഗോഡ്: ദേശീയ പാത ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന കീഴാറ്റൂരിലെ വയൽക്കിളികൾക്ക് പിന്തുണ നൽകി കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. താൻ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്കൊപ്പമെന്ന് കൃഷി മന്ത്രി ഇന്നലെ കാസർഗോഡ് പറഞ്ഞു. നെല്‍വയല്‍ സംരക്ഷിക്കലാണ് തന്റെ ജോലിയെന്നും താന്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വയൽക്കിളികളുടെ സമരത്തിന് സിപിഐ നേരത്തെ പിന്തുണ നൽകിയിരുന്നു. കീഴാറ്റൂരിലേത് ജനകീയ സമരമാണെന്നും ഈ മുന്നേറ്റത്തെ അടിച്ചമർത്തുന്നത് ഇടത്പക്ഷത്തിന് ചേർന്നതല്ലെന്നും സിപിഐ നേതാക്കൾ ആരോപിച്ചിരുന്നു. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി കീഴാറ്റൂരിൽ റവന്യൂ ഉദ്യോഗസ്ഥർ സർവ്വേ നടത്തിയിരുന്നു. പ്രതിഷേധിച്ച സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് ഉദ്യോഗസ്ഥർ സർവ്വേ നടത്തിയത്.

വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ