തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും. അത് വരെ റവന്യു റിക്കവറി നടപടികൾ മരവിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

വായ്പകൾ പുനക്രമീകരിക്കാത്തതിന്‍റെ പേരിൽ റിക്കവറി നടപടികൾ അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. പുനക്രമീകരിക്കാത്ത വായ്പകൾക്ക് മൊറട്ടോറിയം ലഭ്യമാക്കാൻ വായ്പകൾ പുതുക്കി നൽകാനാണ് തീരുമാനം.

Read More: മൊറട്ടോറിയം കാലാവധി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും

സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉണ്ടായിട്ടും ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ നല്‍കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. നിരവധി തവണ മൊറട്ടോറിയം സംബന്ധിച്ചും സര്‍ഫാസി നിയമപ്രകാരമുള്ള ബാങ്ക് നടപടികള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ എസ്.എല്‍.ബി.സി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും 2019 ജൂലൈ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം എസ്.എല്‍.ബി.സി നേരത്തേ തത്വത്തില്‍ അംഗീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്.എല്‍.ബി.സി റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്നും നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.