പാലക്കാട്: സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പാലക്കാട് അട്ടപ്പാടി കാരറ സ്വദേശി അനീഷാണ് ആത്മഹത്യ ചെയ്തത്. വീട്ടിൽ നിന്നും അൽപ്പം മുകളിലായി ഒരു പറന്പിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അഗളി പൊലീസ് ഇൻക്വസ്റ്റ് നടത്തുന്നതിനിടയിലാണ് ഇയാളുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്.

ഫെബ്രുവരി  14 നാണ് യുവാവിനെയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയെയും സദാചാര ഗുണ്ടകൾ ആക്രമിച്ചത്. ഇവർ ഇരുവരെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. രണ്ടുപേരുകളാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ഇത് ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കും. ഇന്ന് തന്നെ മൃതദേഹം സംസ്കരിക്കാനാണ് ശ്രമം.

അഴീക്കൽ ബീച്ചിൽ കഴിഞ്ഞ പ്രണയദിനത്തിലാണ് സംഭവം. 5 അംഗ സംഘമാണ് യുവാവിനെയും പെൺകുട്ടിയെയും ഉപദ്രവിച്ചത്. കൊല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കുന്നത് കൊല്ലം സ്വദേശികളാണോ, അല്ല മറ്റാരെങ്കിലുമാണോയെന്നാണ് പൊലീസിന്റെ സംശയം.  ഇക്കാര്യം പരിശോധിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ അമ്മയും സഹോദരിയും ജോലിക്കായി പുറത്തുപോയ സമയത്താണ് അനീഷ് ആത്മഹത്യ ചെയ്തത്. സംഭവത്തിന് ശേഷം കടുത്ത ദു:ഖത്തിലായിരുന്ന അനീഷ്, പുറത്ത് പോകുന്നത് കുറവായിരുന്നു. ഇയാൾ കടുത്ത പരിഹാസം നേരിട്ടിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് അൽപം മുകളിലാണ് ആത്മഹത്യ ചെയ്ത സ്ഥലം. അന്പത് മീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്.  മരത്തിന്റെ കൊന്പിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

പുറത്തു പോയ അമ്മയും സഹോദരിയും മടങ്ങി വന്ന ശേഷം അനീഷിനെ കാണാനില്ലായിരുന്നു. പിന്നീട് അന്വേഷിച്ചെങ്കിലും എവിടെയാണെന്ന് വ്യക്തമായില്ല. ഇതേ തുടർന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ തിരച്ചിൽ നടത്തിയത്.  വൈകുന്നേരത്തോടെയാണ് തൂങ്ങിമരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്. മാനഹാനിമൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങൾ​​ എന്ന് ഇരകൾ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ