പാലക്കാട്: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന് അഗളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സഹ അധ്യാപകരും രക്ഷിതാക്കളും. അട്ടപ്പാടിയില്‍ തമിഴ്നാട് അതിര്‍ത്തിക്കുള്ളിലെ സ്വകാര്യ സ്കൂളില്‍ പ്രവേശനം നിഷേധിച്ചതിനാലാണ് ബിന്ദുവിന്റെ മകളുടെ പഠനം മുടങ്ങിയത്.

എന്നാൽ പെൺകുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാന്‍ തയ്യാറാണെന്നും അധ്യാപകരും രക്ഷാകര്‍തൃസമിതിയും വ്യക്തമാക്കി.
കേരള തമിഴ്നാട് ബോർഡറിലെ ‘വിദ്യ വനം’ ഹയർസെക്കന്ററി സ്കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകൾക്ക് പ്രവേശനം നിഷേധിച്ചത്. മുമ്പ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും സ്കൂളിൽ എത്തിയപ്പോൾ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.

” ഞാൻ എന്റെ മകളുമായി സ്‌കൂളിലെത്തിയപ്പോൾ വളരെ വിചിത്രമായാണ് അധികൃതർ പെരുമാറിയത്. സ്‌കൂൾ പ്രിൻസിപ്പൽ ‘ഞാനൊരു ആക്ടിവിസ്റ്റൊന്നുമല്ല, വേണമെങ്കിൽ ഒരു ‘എജുക്കേഷണൽ ആക്റ്റിവിസ്റ്റ്‌ എന്നൊക്കെ പറയാം..’ എന്ന് പരിഹാസച്ചുവയോടെ പറഞ്ഞു. എന്റെ കുഞ്ഞിന്റെ അഡ്മിഷനുവേണ്ടി അവരുടെ മുന്നിൽ ചെന്നു നിന്ന എന്നോട് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തേണ്ട കാര്യമെന്താണ്..? അഡ്മിഷനുവേണ്ടി രണ്ടു തവണ ഞാൻ സ്‌കൂളിൽ പോവുകയുണ്ടായി. അവർ എന്റെ കുഞ്ഞിന് അഡ്മിഷൻ തരാം എന്ന് സമ്മതിച്ചിരുന്നതുമാണ്. പക്ഷേ, അവസാന നിമിഷം, ‘ സ്‌കൂളിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാനാവില്ല’ എന്ന കാരണം പറഞ്ഞ് അവർ നിലപാടുമാറ്റുകയാണുണ്ടായത് ‘ , ബിന്ദു പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ശേഷം ചേവായൂരിലെ വാടക വീട്ടിൽ നിന്നും ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്കൂളിലേയ്ക്ക് വരേണ്ടെന്ന് സ്കൂളധികൃതരും അറിയിച്ചതായി ബിന്ദു പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.