ചേന്ദമംഗലം: മലയാളിക്കരയെ മുറിവേല്‍പ്പിച്ച് മഹാപ്രളയം കലിതുള്ളുന്ന സമയം ചേന്ദമംഗലം നെയ്ത്തുഗ്രാമത്തിലെ 25 സ്ത്രീകള്‍ സ്‌കൂള്‍കുട്ടികള്‍ക്കായുള്ള യൂണിഫോം നെയ്യുകയായിരുന്നു. പ്രളയം അവരുടെ വീടും ഫാക്ടറിയും നെയ്ത്തുപകരണങ്ങളുമെല്ലാം നശിപ്പിച്ചു കളഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. നെയ്ത്തുകാരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ഓണം. ഓണക്കാലത്തെ വില്പനയ്ക്കായി നേരത്തേ തന്നെ സാരികളും, മുണ്ടുകളും, ടവലും, ഷര്‍ട്ടും, പാന്റുമെല്ലാം ഇവര്‍ തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു. ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ ചോരയും നീരുമുപയോഗിച്ചാണ് ഓരോ കഷ്ണം തുണിയും അവിടെ നെയ്‌തെടുക്കുന്നത്. ഇതെല്ലാം കേരളത്തിലെ ഓരോ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. ഇവരുടെ പ്രധാന വരുമാനമാര്‍ഗവും ഇതുതന്നെയാണ്. യന്ത്രവത്കൃത വസ്ത്രവ്യാപാര മേഖലയോട് മത്സരിച്ചു നിന്നാണ് ഇത്രയും നാള്‍ ഈ സ്ത്രീകള്‍ ഇതു നടത്തിയിരുന്നത്. അവരുടെ മുഖത്തടിച്ച പോലെയായിരുന്നു പ്രളയം വന്ന് എല്ലാം തകര്‍ത്തെറിഞ്ഞത്.

ചൊവ്വാഴ്ച ഇവരുടെ നെയ്ത്തുഗ്രാമത്തിലേക്ക് ഇന്ത്യന്‍ എക്‌സ്പ്രസ്സ്  ടീം എത്തിയപ്പോള്‍, ലിജിയും മറ്റു സ്ത്രീകളും ചേര്‍ന്ന് നെയ്ത്തു യന്ത്രങ്ങളുടെ ഓരോ ഭാഗങ്ങളായി ഫാക്ടറിയുടെ ഒരുവശത്തുള്ള കൂമ്പാരത്തില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു. മറ്റു ചിലര്‍ ചേര്‍ന്ന് വെള്ളത്തിലാഴ്ന്നു പോയ തുണികള്‍ വേര്‍തിരിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ഫാക്ടറിയുടെ പുറകു വശത്ത് സ്വര്‍ണനിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത മൂവായിരം രൂപയ്ക്കു മുകളില്‍ വരുന്ന സാരികള്‍ മണ്ണിലും പൊടിയിലും മുങ്ങിക്കിടക്കുകയായിരുന്നു.

‘കഴിഞ്ഞവര്‍ഷം ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പ്രളയം എടുത്തുകൊണ്ടു പോയി. 21 ലക്ഷം രൂപവരുന്ന സ്‌റ്റോക്ക് മുഴുവനായി നശിച്ചു. കോഴിക്കോട്ടേക്കും എറണാകുളത്തേക്കും അയച്ച 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റു പോകാതെ തിരിച്ചെത്തി. സ്‌കൂള്‍ യൂണിഫോം നിര്‍മാണത്തിനായി വച്ച 4000 മീറ്റര്‍ തുണി വെള്ളത്തില്‍ മുങ്ങിപ്പോയി,’കഴിഞ്ഞ 26 വര്‍ഷമായി അവിടെ ജോലി ചെയ്തു വരുന്ന ലിജി പറഞ്ഞു.

‘ഓണം വിപണിയുടെ മേല്‍ പ്രതീക്ഷയര്‍പ്പിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഞങ്ങള്‍ കടമെടുത്തിട്ടുണ്ട്. എങ്ങനെയാണ് ഇനി മുന്നോട്ടു പോവുക?’ ലിജി ചോദിക്കുന്നു.

കേരളത്തിനും അതിനു പുറത്തും എല്ലാവര്‍ഷവും ചേന്ദമംഗലത്തെ കൈത്തറി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. ഓണം, വിഷു പോലുള്ള ഉത്സവകാലങ്ങളില്‍ ഉയര്‍ന്ന വിലയെ അവഗണിച്ചും ആളുകള്‍ കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍, അഞ്ച് സഹകരണ സംഘങ്ങളുടേും 600 ഓളം നെയ്ത്തുകാരുടേയും പിന്തുണയുള്ള വ്യവസായം ദിവസം തോറും ക്ഷയിച്ചുവരികയാണ്. തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പുതിയ തലമുറയില്‍ നിന്നുള്ളവരെ ഈ മേഖലയിലേക്ക് കണ്ടെത്താന്‍ കഴിയാതെ ലിജി ഉള്‍പ്പെടുന്നവരുടെ തലമുറ വിഷമിക്കുകയാണ്.

‘സത്യത്തില്‍ ഇതുവളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇതു ചെയ്യാന്‍ വളരെയധികം ക്ഷമ ആവശ്യമാണ്. ഒരുപക്ഷെ അതുകൊണ്ടായിരിക്കും ആളുകള്‍ ഈ മേഖലയിലേക്കു വരാന്‍ മടിക്കുന്നത്,’ ലിജി പറയുന്നു.

‘പക്ഷെ ഞങ്ങളുടെ കാലശേഷം ഈ പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ ആരുണ്ടാകും എന്ന ചിന്ത വല്ലാതെ പേടിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ മുഴുവന്‍ അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നത് ഈ വ്യവസായമാണ്,’ ലിജി കൂട്ടിച്ചേര്‍ത്തു.

ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്റ്റോക്ക് കുമിഞ്ഞുകൂടി കിടക്കുന്നു

ഹാന്‍ഡ്‌ലൂം ഫാക്ടറിയ്ക്കു മുന്നിലുള്ള റീട്ടെയില്‍ ഷോപ്പിന്റെ ചുമതല പുഷ്പലതയ്ക്കാണ്. അലങ്കാര സാരികള്‍, വേഷ്ടി മുണ്ട്, പുരുഷന്‍മാര്‍ക്കുള്ള മുണ്ടുകള്‍, ടവല്‍ തുടങ്ങി പ്രളയകാലത്ത് വിറ്റുപോകാതെ തിരിച്ചെത്തിയ തുണിത്തരങ്ങളെല്ലാം കടയിലെ ഷെല്‍ഫില്‍ ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധനം കണ്ടെത്താന്‍ ഈ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള കഠിനശ്രമത്തിലാണ് ഇവര്‍. രാവിലെ മുതല്‍ 4000 രൂപയുടെ സാധനങ്ങളാണ് വിറ്റു പോയിരിക്കുന്നത്.

‘ഇതൊന്നും കേടുപാട് സംഭവിച്ച ഉത്പന്നങ്ങളല്ല. ഇതൊന്നു വിറ്റഴിക്കാന്‍ സഹകരിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോടും പൊതുജനങ്ങളോടും അപേക്ഷിക്കുകയാണ്. അല്ലാത്തപക്ഷം വ്യവസായം മുന്നോട്ടുകൊണ്ടു പോകാനുള്ള പണം സ്വരുക്കൂട്ടാനും ഫാക്ടറി പുനര്‍നിര്‍മിക്കാനും സാധിക്കില്ല. സാധനങ്ങള്‍ വാങ്ങാന്‍ നിരവധിപേര്‍ പുറത്തുനിന്നും വരുന്നുണ്ട്. പക്ഷെ പ്രതീക്ഷിച്ച പോലെ വില്പന നടക്കുന്നില്ല,’കൈത്തറി തൊഴിലാളി സഹകരണ സംഘം സെക്രട്ടറി അജിത് കുമാര്‍ പറയുന്നു.

ചേക്കുട്ടി പാവകളുടെ നിര്‍മാണം

കേടായ തുണിത്തരങ്ങളില്‍ നിന്നും ചെറിയ പാവകള്‍ ഉണ്ടാക്കുകയാണ് രണ്ടു സംരംഭകരായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും ചേര്‍ന്ന്. ചേകുട്ടി അഥവാ ചേന്ദമംഗലം കുട്ടി എന്നാണ് ഈ പാവകള്‍ക്ക് പേരിട്ടിരിക്കുന്നത്.

ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയെടുത്ത് പുനരുപയോഗിക്കാന്‍ കൈത്തറി യൂണിറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അതിനു കഴിയാത്തവയില്‍ നിന്നും വൊളണ്ടിയര്‍മാരുടെ സഹായത്തോടെ ചേകുട്ടി പാവകള്‍ നിര്‍മിക്കുകയും ഒരു പാവയ്ക്ക് 25 രൂപ വിലയില്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തുകയും ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പണം പൂര്‍ണമായി കൈത്തറി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത്.

‘ഇത് ഞങ്ങളെ രക്ഷിക്കാനുള്ള ദൈവത്തിന്റെ മാര്‍ഗമാണെന്നാണ് കരുതുന്നത്. അവരുടെ നല്ല മനസും ഞങ്ങളുടെ ഈ സാഹചര്യങ്ങളും ചേര്‍ന്നാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് നീങ്ങിയത്. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്നു തുറക്കുന്നു,’ ചിരിച്ചുകൊണ്ട് ലിജി പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ