scorecardresearch
Latest News

മുക്കത്തെ പുതിയ പ്രണയ കഥയിലെ ‘മൊഞ്ചത്തി’

പ്രണയ കഥയിലൂടെ മലയാളിയുടെ മനസ്സിൽ നിറഞ്ഞയിടമാണ് കോഴിക്കോട് ജില്ലയിലെ മുക്കം. മൊയ്തീൻ- കാഞ്ചനമാല പ്രണയകഥയിലൂടെയാണ് മലയാളി ഇരുവഴിഞ്ഞി പുഴയുടെ തീരത്തേയ്ക്ക് ഒഴുകിയെത്തിയത്. ഇന്ന് മറ്റൊരു പ്രണയം തളിരിട്ടത് കാണാൻ ആളുകൾ വീണ്ടും മുക്കത്തേയ്ക്ക് എത്തുന്നു.

മുക്കത്തെ പുതിയ പ്രണയ കഥയിലെ ‘മൊഞ്ചത്തി’

കോഴിക്കോട്: മുക്കത്തേയ്ക്ക് കഴിഞ്ഞ രണ്ട് വർഷമായി കേരളം ഒഴുകിയെത്തിയത് ഇരുവഴിഞ്ഞി പുഴയുടെ ഒഴുക്കിലും ഒലിച്ചുപോകാത്ത പ്രണയം കാണാനായിരുന്നു. ഇന്ന് മറ്റൊരു പ്രണയ കഥയുടെ ഫലം കൂടി കാണാനാണ് ആളുകൾ മുക്കത്തേയ്ക്ക് എത്തുന്നത്.

മുക്കത്ത് ഇപ്പോൾ ആളുകളെ ആകർഷിക്കുന്നത് നാട്ടിൽ ജനിച്ചു വളർന്നവരല്ല, മറിച്ച് വിദേശത്ത് നിന്നും കടൽ കടന്നെത്തി മുക്കത്തിന്റെ മണ്ണിൽ വേരുറപ്പിച്ചവരാണ്. മൊയ്തീൻ -കാഞ്ചനമാല പ്രണയകഥയുടെ തുടിപ്പുകളറിയാനായിരുന്നു നേരത്തെ മുക്കത്തെത്തിയിരുന്നതെങ്കിൽ ഇത് ഹുസന്റെ പ്രണയത്തെ കുറിച്ചറിയാനാണ് ആളുകളെത്തുന്നത്.

ക്രിസോ ഫില്ലം കൈനിറ്റോ-പേര് കേള്‍ക്കുമ്പോൾ ഒരു അപരിചിതത്വം. പക്ഷേ, ആളെക്കണ്ടാല്‍ ഒരു ഇഷ്ടം തോന്നും, കഴിക്കാന്‍ അല്‍പ്പം കൊതി തോന്നും. പറഞ്ഞുവരുന്നത് സ്വാദിഷ്ടമായ ജമൈക്കന്‍ സ്റ്റാര്‍ ഫ്രൂട്ടിനെക്കുറിച്ചാണ്. മധ്യ അമേരിക്കന്‍ താഴ്‌വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യന്‍ ദ്വീപുകളിലും ധാരാളമായി കണ്ടുവരുന്ന ഈ പഴം ഇപ്പോള്‍ കോഴിക്കോട് മുക്കത്തെ താരമാണ്.

നോര്‍ത്ത് കാരശേരിയിലെ ഗ്രീന്‍ഗാര്‍ഡന്‍ എന്ന കാര്‍ഷിക നഴ്‌സറി നടത്തുന്ന ഹുസന്റെ തോട്ടത്തിലാണ് ജമൈക്കന്‍ സ്റ്റാര്‍ ഫ്രൂട്ട് കായ്ച്ചത്. ക്രിസോ ഫില്ലം കൈനിറ്റോ എന്നതു ശാസ്ത്രീയ നാമമാണെങ്കിലും ‘പാല്‍പ്പഴ’മെന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് എളുപ്പം മനസിലാവും. സപ്പോട്ട കുടുംബത്തില്‍പ്പെട്ട ഈ സുന്ദരന്‍ പഴത്തിനു വിയറ്റ്‌നാമില്‍ മുലപ്പാല്‍ എന്നര്‍ഥമുളള വ – സുവ എന്നാണു വിളിപ്പേര്.
നാലുവര്‍ഷം മുമ്പാണ് ഹുസന്‍ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ സ്റ്റാര്‍ ഫ്രൂട്ട് ചെടി നട്ടുപിടിപ്പിച്ചത്. ഇപ്പോള്‍ 15 അടിയിലധികം വളര്‍ന്ന മരത്തില്‍ നൂറിലേറെ കായ്കളുണ്ട്. ഈ കാഴ്ച കാണാന്‍ നിരവധി പേരാണ് ഹുസന്റെ തോട്ടത്തിലെത്തുന്നത്.

jamican-fruit

മൂപ്പെത്തുന്നതിനു മുന്‍പ് പച്ചനിറമാണു ജമൈക്കന്‍ സ്റ്റാര്‍ ഫ്രൂട്ടിന്. പഴുത്താല്‍ വയലറ്റ് നിറവും. തൊലി കളഞ്ഞാല്‍ കാണുന്ന ഭാഗത്തുള്ള പാലുപോലെയുളള നീരാണ് പാല്‍പ്പഴമെന്ന പേരുവരാന്‍ കാരണം. മൂപ്പെത്തിയ പഴം തണുപ്പിച്ച് കഴിച്ചാല്‍ ഏറെ സ്വാദിഷ്ടമാണ്. സ്റ്റാര്‍ ഫ്രൂട്ട് ചെടിയുടെ ഇലയ്ക്കുമുണ്ട് ഏറെ പ്രത്യേകത. മുകള്‍ഭാഗം പച്ച നിറവും അടിഭാഗം സ്വര്‍ണനിറവുമാണ്. ദൂരക്കാഴ്ചയില്‍ താഴ്ഭാഗം തിളങ്ങും.
സ്റ്റാര്‍ ഫ്രൂട്ട് പഴവും ചെടിയും ഏറെ ഔഷധഗുണമുള്ളതാണെന്നാണ് ഹുസന്‍ പറയുന്നത്. ഇല സന്ധിവാതം, പ്രമേഹം എന്നിവ്ക്ക് കഷായമുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. തൊലി ഉത്തേജകമായും ഉന്മേഷദായകമായും തൊലിനീര് ചുമയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നതായും ഹുസന്‍ പറയുന്നു.
സ്വദേശികളും വിദേശികളുമായി നൂറിലേറെ പഴങ്ങളാണ് ഹുസന്റെ തോട്ടത്തില്‍ വിളയുന്നത്. മുന്തിരി വലുപ്പമുള്ള ബറാബ മുതല്‍ 20 കിലോയിലേറെ തൂക്കമുള്ള ചുവപ്പ് ചുളയുള്ള മലേഷ്യന്‍ ചക്ക വരെ വ്യത്യസ്തമാണ് ഇവ. ജാവയില്‍നിന്നുള്ള കെപ്പെല്‍, ഇസ്രായേലില്‍നിന്നുള്ള കുങ്കുമാറ്റ്, ഘാനയില്‍നിന്നുള്ള മിറാക്കിള്‍ ഫ്രൂട്ട്, സീസണുകളില്ലാതെ കായ്ക്കുന്ന തായ്‌ലാന്‍ഡ് സ്വദേശിയായ മാവ് കിയോ സവായ്, ബ്രസീലില്‍നിന്നുള്ള അബീയു, പീനട്ട് ബട്ടര്‍ ഫ്രൂട്ട് എന്നിവ ഇവയില്‍ ചിലതു മാത്രം. കാനഡ, ചൈന, മലേഷ്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള പഴങ്ങളും ഉസന്റെ തോട്ടത്തില്‍ വിളയുന്നു. മലേഷ്യന്‍ ഫ്രൂട്ടിന്റെ 15 വ്യത്യസ്ത ഇനങ്ങളാണ് ഉസന്റെ പക്കലുള്ളത്. ഫിലോസാന്‍, റമ്പൂട്ടാന്‍, ദുരിയാന്‍, മാങ്കോസ്റ്റിന്‍, കാരമ്പോള, കോക്കം, സാലഡ് ഓറഞ്ച് എന്നിങ്ങനെ മലയാളികള്‍ കണ്ടതും കേട്ടതും കേള്‍ക്കാത്തതുമായ നിരവധി ഇനങ്ങള്‍ വേറെയും. രണ്ടായിരത്തിലേറെ വ്യത്യസ്ത ഇനം സസ്യങ്ങളുടെ ശേഖരംകൊണ്ട് സമ്പന്നമാണ് ഹുസന്റെ നഴ്‌സറി.

 

ഹുസൻ ജമൈക്കൻ ഫലവുമായി നഴ്‌സറിയിൽ
അപൂര്‍വ പഴവര്‍ഗ ചെടികള്‍ സംഘടിപ്പിക്കാന്‍ വിദേശരാജ്യങ്ങളിൽ പോകാനും ഹുസനു മടിയില്ല. മലേഷ്യ, ചൈന, ഹോങ്‌കോങ്, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഹുസന്‍ തിരിച്ചുവന്നത് അവിടങ്ങളിലെ അപൂര്‍വ ഇനം ഫലവര്‍ഗച്ചെടികളുമായാണ്. നേരെത്ത സംസ്ഥാനത്തെയും പുറത്തെയും വിവിധ പ്രമുഖ നഴ്‌സറികളില്‍നിന്നാണു ഹുസന്‍ അപൂര്‍വയിനങ്ങള്‍ ശേഖരിച്ചിരുന്നത്. ഇവ വന്‍ വിലകൊടുത്ത് വാങ്ങിയശേഷം ബഡ്ഡിങ്, ലെയറിങ്, ഗ്രാഫ്റ്റിങ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ തൈകള്‍ ഉത്പ്പാദിപ്പിച്ച് വില്‍ക്കുകയെന്നതാണു ഹുസന്റെ രീതി. ഘാനയില്‍നിന്നുള്ള മിറക്കള്‍ ഫ്രൂട്ട് ചെടി ഹുസന്‍ സ്വന്തമാക്കിയത് 25,000 രൂപയ്ക്കാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപൂര്‍വയിനം ഫലവര്‍ഗച്ചെടികളുള്ളവരിൽ ഹുസന്റെ ശേഖരവും ഉൾപ്പെടുമായിരിക്കും. ഇതുമനസിലാക്കിയാണു ഫോട്ടോഗ്രാഫറും യോഗപ്രചാരകനുമായ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശി തോമസ് ഫ്‌ളെച്ച്‌നര്‍ ഹുസനെ തേടിയെത്തുന്നത്. അപൂര്‍വയിനം ഫലവര്‍ഗച്ചെടികള്‍ ശേഖരിക്കാനായി ലോകം മുഴുവന്‍ സഞ്ചരിക്കുന്നയാളാണ് ഫ്‌ളെച്ച്‌നര്‍.
ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പഴവര്‍ഗ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണിപ്പോള്‍ ഹസന്‍. പൊതുസ്ഥലങ്ങള്‍, കോടതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണു പ്രധാനമായും പഴവര്‍ഗ ചെടികള്‍ നടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കെ.ജി.ടി.ഇ. അഗ്രികള്‍ച്ചറല്‍ കോഴ്‌സ് 1985ല്‍ പാസായ തനിക്കു സര്‍ട്ടിഫിക്കറ്റില്‍ പേരില്‍വന്ന അക്ഷരത്തെറ്റാണു ജീവിതത്തില്‍ പിന്നീടുണ്ടായ ഭാഗ്യങ്ങള്‍ കൊണ്ടുവന്നതെന്ന് ഹുസന്‍ പറയുന്നു. ഹുസന്‍ എന്നതിനു പകരം ഹസന്‍ എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതുകാരണം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.
“സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ തിരുവനന്തപുരം പൂജപ്പുരയിലുളള ഓഫീസിൽ പോകാന്‍ അക്കാലത്ത് കൈയില്‍ പണമുണ്ടായിരുന്നില്ല. കടംവാങ്ങിയ കാശുകൊണ്ടാണു പഠിച്ചതു തന്നെ. തുടര്‍ന്നു ജോലി തേടി ബംഗളുരുവിലേക്ക്. അവിടെ ചായക്കടയില്‍. അവധിദിനങ്ങളായ ഞായറാഴ്ചകളില്‍ അവിടുത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ നിത്യസന്ദര്‍ശകനായി. തിരിച്ച് നാട്ടിലെത്തിയതോടെ സുഹൃത്തുക്കള്‍ക്കൊപ്പം റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്കു തിരിഞ്ഞു. ഇതിനിടെ കൈയില്‍ വന്നുചേര്‍ന്ന 65 സെന്റാണ് 2005ല്‍ നഴ്‌സറിയായി മാറിയത്. ഇപ്പോള്‍ മൂന്നുനിലകളുള്ള കെട്ടിടത്തില്‍ ഉള്‍പ്പെടെയാണു നഴ്‌സറി പ്രവര്‍ത്തിക്കുന്നത്. നഴ്‌സറിരംഗത്ത് സജീവമായതോടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നിര്‍ത്തിയ ഹുസന്‍ നഴ്‌സറിയില്‍നിന്നു ജീവിത മാർഗം കണ്ടെത്തുന്നത്.

ഹുസനും ഭാര്യയും സുഹൃത്ത് തോമസ് ഫ്ലച്ചനറിനൊപ്പം തോട്ടത്തിൽ
ഹുസനും ഭാര്യയും സുഹൃത്ത് തോമസ് ഫ്ലച്ചനറിനൊപ്പം തോട്ടത്തിൽ

ചെടികളും പൂക്കളും പഴങ്ങളും തരുന്ന സന്തോഷമാണു തന്റെ യഥാര്‍ഥ ജീവിതമെന്നാണ് ഹുസന്റെ പക്ഷം. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പാഴ്മരങ്ങള്‍ക്കു പകരം കായ്ച്ചുനില്‍ക്കുന്ന പഴവര്‍ഗച്ചെടികളും അതില്‍നിറയുന്ന പക്ഷികളുമാണ് ഇനി തന്റെ ജീവിതലക്ഷ്യമെന്നും മുക്കത്തെ സാധാരണക്കാരനായി അദ്ദേഹം പറയുന്നു. മുബഷിറയാണു ഹുസന്റെ ഭാര്യ. അഷിത (ബി.ആര്‍ക് വിദ്യാര്‍ഥിനി), അജ്മല്‍ (പ്‌ളസ് വണ്‍), അമീന (ഏഴാം ക്ലാസ്) എന്നിവരാണു മക്കള്‍. ഇവരെല്ലാം നഴ്‌സറി നടത്തിപ്പില്‍ സജീവമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: After moideen kanchanamala hussans new love story ignites mukkam