മലപ്പുറം: മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചപോലെ തന്നെ കടന്നുപോയി. ഇനി വീണ്ടും  ജില്ലയിൽ തന്നെ മലപ്പുറം ലോകസഭാ മണ്ഡലത്തിനുളളിലെ വേങ്ങര നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പാണ്. ഇവിടുത്തെ എം എൽ എ ആയിരുന്ന പി. കെ. കുഞ്ഞാലിക്കുട്ടിയയാണ് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വേങ്ങര, മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലമായിരിക്കുകയാണ്. കുറ്റിപ്പുറത്തെ തോൽവിക്കു ശേഷം മണ്ഡലപുനർ നിർണയം കൂടി കഴിഞ്ഞതോടെ 2011 ൽ സുരക്ഷിത മണ്ഡലമായി കണ്ട വേങ്ങരിയിലേയ്ക്കു ചുവടുമാറിയതാണ് കുഞ്ഞാലിക്കുട്ടി. 2009 മുതൽ ഇവിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും വേങ്ങര മുസ്ലിം ലീഗിനൊപ്പമാണ് നിന്നത്. ഇതുവരെ ആ ചായ്‌വ് മാറ്റാൻ വേങ്ങര തയ്യാറായിട്ടില്ല. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് തന്നെയായിരുന്നു ഇവിടെ മുൻ തൂക്കം.

2014ൽ നടന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ ഇ.അഹമ്മദിന് വേങ്ങര നിയമസഭ മണ്ഡലത്തിൽ നിന്നും ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവ് ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ഈ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ നൽകിയത്. എന്നാൽ ഇത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതിനേക്കാൾ കൂടുതലാണ്. 2009ൽ ടി കെ ഹംസയും ഇ അഹമ്മദും തമ്മിൽ മത്സരിച്ച ലോകസഭാ തിരഞ്ഞെടുപ്പിലാണ് വേങ്ങര മണ്ഡലത്തിൽ ലീഗിന്റെ ഭൂരിപക്ഷം മുപ്പതിനായിരം വോട്ടിൽ താഴെ പോയിട്ടുളളത്. അല്ലാതെയുളള നാല് തിരഞ്ഞെടുപ്പിലും മുപ്പതിനായിരത്തിന് മുകളിലാണ് ലീഗിന് ലഭിക്കുന്ന ഭൂരിപക്ഷം.

ഈ​ മണ്ഡലത്തിൽ നിയമസഭയിലേയ്ക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥി ആരാകും എന്ന ചോദ്യം കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോകസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുതൽ ലീഗിന്റെ അകത്തളങ്ങളിൽ ഉയർന്നതാണ്. നിലവിൽ രണ്ടുപേരുകളാണ് സാധ്യതയായി പരിഗണിക്കപ്പെടുന്നത്. മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ എൻ എ ഖാദറുമാണ് രണ്ട് പേരുകൾ. എന്നാൽ ഇവർക്ക് പുറമെ പുതിയ പേരുകളും ഉയർന്നു വരാം. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നുവെന്ന് ഉറപ്പിച്ച സമയം മുതൽ അകത്തളങ്ങിൽ ഉയർന്ന പേരുകളാണ് ഇത് രണ്ടും.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര നിയോജകമണ്ഡലത്തിൽ മുസ്ലിം ലിഗീന്റെ പികെ കുഞ്ഞാലിക്കുട്ടി 72,181 വോട്ടാണ് നേടിയത്. എൽ ഡിഎഫിന്റെ എതിർസ്ഥാനാർത്ഥി 34,124 വോട്ടും ബി ജെ പി സ്ഥാനാർത്ഥി 7,055 നേടി. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38,057 വോട്ടായിരുന്നു. അതാണ് ​ഈ​ ഉപതിരഞ്ഞെടുപ്പിൽ 40,529 ആയി ഉയർത്തിയിരിക്കുന്നത്.
2014 ലോകസഭ തിരഞ്ഞെടുപ്പിൽ വേങ്ങര നിയോജകമണ്ഡലത്തിൽ യു ഡി എഫിനായി മത്സരിച്ച ലീഗ് സ്ഥാനാർത്ഥി ഇ. അഹമ്മദിന് 60323 വോട്ടാണ് നേടിയത്. ഇടതുപക്ഷ സ്ഥാനാർത്ഥി 17691 വോട്ടും ബി ജെപി സ്ഥാനാർത്ഥി 5,638 വോട്ടും നേടി. അന്ന് ഈ​മണ്ഡലത്തിൽ നിന്നുളള​ ലീഗിന്റെ ഭൂരിപക്ഷം 42632 വോട്ടായിരുന്നു.

2009 ലെ ലോകസഭ തിരഞ്ഞെടുപ്പിലാണ് വേങ്ങര എന്ന പേരിൽ ഈ​ മണ്ഡലം ആദ്യമായി വോട്ട് രേഖപ്പെടുത്തന്നത് അന്ന് ലീഗ് സ്ഥാനാർത്ഥി 57,327 ഭൂരിപക്ഷം നേടി. സിപി എം സ്ഥാനാർത്ഥി ടി കെ ഹംസ 33,471 വോട്ടും ബി ജെ പി സ്ഥാനാർത്ഥി 2,895 വോട്ടും ഇവിടെ നിന്നും നേടി. അഹമ്മദിന്റെ ഭൂരിപക്ഷം 23,865 വോട്ടായിരുന്നു.

2011 വേങ്ങര നിയമസഭ മണ്ഡലത്തിന്റെ​ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു. അതിൽ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തെ തോൽവിക്കു ശേഷം ജയം തേടിയെത്തിയത്. വേങ്ങരയെ ആശ്രയിച്ച കുഞ്ഞാലിക്കുട്ടിയെ ആ മണ്ഡലം കൈവിട്ടില്ല. 38, 237 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് കുറ്റിപ്പുറത്തെ കനത്ത തോൽവിയിൽ വീണ കുഞ്ഞാലിക്കുട്ടിയെ ഈ മണ്ഡലം അതിന്റെ കന്നി തിരഞ്ഞെടുപ്പിലൂടെ കൈ പിടിച്ചുയർത്തയിത്. 2011 ൽ കുഞ്ഞാലിക്കുട്ടിക്ക് അവിടെനിന്നും ലഭിച്ചത് 63,138 വോട്ടാണ്. ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് 24,901 വോട്ടും ബി ജെ പി സ്ഥാനാർത്ഥിക്ക് 4,683വോട്ടും നേടി. ഇതാണ് ​ വേങ്ങര എന്ന പുതിയ മണ്ഡലത്തിന്റെ ഇതുവരെയുളള തിരഞ്ഞെടുപ്പ് ചരിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ