കൊച്ചി: തോരാതെ പെയ്ത മഴയും പേമാരിയും കാരണം രണ്ടുമാസത്തോളം വൈകി മൂന്നാറിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. നീലക്കുറിഞ്ഞിക്കൊപ്പം കേരളത്തിലെ ടൂറിസം മേഖലയുടെ പ്രതീക്ഷകളും പൂവിടുകയാണ്. പ്രളയവും ഉരുള്‍പൊട്ടലുകളും താറുമാറാക്കിയ ഇടുക്കിയിലെ ടൂറിസം മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിലേയ്ക്ക് കടക്കുകയാണ്.
കഴിഞ്ഞ മാസം പത്തുമുതലുണ്ടായ ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും മൂന്നാര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തിയപ്പോള്‍ ദിവസങ്ങളോളം ജില്ലയിലേയ്ക്ക് വിനോദ സഞ്ചാരികളാരുമെത്തിയില്ല. തുടര്‍ന്ന് കാലാവസ്ഥ മാറി തുടര്‍ച്ചയായി വെയില്‍ തെളിഞ്ഞതോടെയാണ് ഇരവികുളം നാഷണല്‍ പാര്‍ക്കിലും കാന്തല്ലൂര്‍ മലനിരകളിലും നീലക്കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയത്. നീലക്കുറിഞ്ഞി പൂത്ത് തുടങ്ങിയതോടെ മൂന്നാറിലെ നിലച്ചുപോയ വിനോദ സഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി.ജോര്‍ജ് പറയുന്നു.

ഇരവികുളം നാഷണല്‍ പാര്‍ക്കും മൂന്നാറുമായി ബന്ധിപ്പിച്ചിരുന്ന പെരിയവര പാലം തകര്‍ന്നത് പാര്‍ക്കിലേയ്ക്കുള്ള യാത്ര ദുഷ്‌കരമാക്കിയിരുന്നു. എന്നാല്‍ നീലക്കുറിഞ്ഞി സീസണ്‍ മുന്നില്‍ക്കണ്ട് അടിയന്തരമായി താല്‍ക്കാലിക പാലം നിര്‍മിച്ചതോടെ മൂന്നാറിലേക്കുള്ള എല്ലാ വഴികളും തുറന്നിരിക്കുകയാണ്. നിലവില്‍ പ്രതിദിനം അയ്യായിരത്തിലധികം പേര്‍ മൂന്നാറിലെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൂന്നാറും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയതോടെ മൂന്നാറിന് പുതിയ മുഖം കൈവന്നിട്ടുണ്ട്. ഇതോടൊപ്പം പൂര്‍ണമായും പ്ലാസ്റ്റിക് രഹിത ഡെസ്റ്റിനേഷന്‍ കൂടിയായി മൂന്നാറിനെ മാറ്റിയിട്ടുണ്ട്, വി.വി.ജോര്‍ജ് പറഞ്ഞു.
പ്രളയകാലത്ത് ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞയാഴ്ച ജില്ലാ കലക്ടര്‍ പിന്‍വലിച്ചു. ഇതോടെ ഇരവികുളം നാഷണല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലേയ്ക്ക് സഞ്ചാരികളെത്തുന്നുണ്ട്. അതേസമയം കാലാവസ്ഥ തെളിഞ്ഞതോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലും കാന്തല്ലൂര്‍ മലനിരകളിലും നീലക്കുറിഞ്ഞികള്‍ പൂവിട്ടുകഴിഞ്ഞു. നീലക്കുറിഞ്ഞികള്‍ പൂക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലെ മലനിരകള്‍ ഏതാനും ദിവസത്തിനുള്ളില്‍ വയലറ്റ് വര്‍ണം അണിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു.
ഇതിനിടെ മൂന്നാറില്‍ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നീലക്കുറിഞ്ഞി സീസണ്‍ തുടങ്ങിയെന്ന സന്ദേശമുയര്‍ത്തി വാഹനറാലി സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്ക്ക് ‘വിസിറ്റ് കുറിഞ്ഞി, സേവ് കുറിഞ്ഞി’ എന്ന വാഹനറാലി സംഘടിപ്പിച്ചു. പ്രളയവും ഉരുള്‍പൊട്ടലും നിശ്ചലമാക്കിയ മൂന്നാര്‍ മേഖലയിലെ ടൂറിസം രംഗത്തിന് നീലക്കുറിഞ്ഞി സീസണില്‍ ഉണര്‍വുണ്ടാക്കാനായാണ് വാഹന റാലി സംഘടിപ്പിച്ചത്.
ഇതിനിടെ നീലക്കുറിഞ്ഞി പൂക്കാലം കാണാനെത്തുന്ന സഞ്ചാരികള്‍ തേക്കടിയിലേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് തേക്കടിയിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ബോട്ടിങ് ഉള്‍പ്പടെയുള്ളവ പുനരാരംഭിച്ചതോടെ തേക്കടിയിലേയ്ക്ക് സഞ്ചാരികള്‍ വീണ്ടും എത്താന്‍ തുടങ്ങിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.