scorecardresearch
Latest News

എൻജിനീയറിങ് ഓപ്ഷൻ ഏതു കോളേജിൽ? കൊടുക്കേണ്ടതെങ്ങനെ? ബ്രാഞ്ച് ഏത്?

ഈ വർഷത്തെ എൻജിനീയറിങ് ഓപ്ഷൻ റജിസ്ട്രേഷൻ നടത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകരമായി എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ദരുടെ ചില നിർദേശങ്ങൾ. കോളേജ്, ബ്രാഞ്ച്, തൊഴിൽ സാധ്യത എന്നിവയെ കുറിച്ച് ഈ​ രംഗത്തുളളവരുടെ വിലയിരുത്തലുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ​ തയ്യാറാക്കിയത്.

engineering courses

എൻജിനീയറിങ്ങിന് എവിടെയാണ് ചേരേണ്ടത് ?

ഈ വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്തു വന്നു. ഒന്നു രണ്ട് ദിവസത്തിനകം കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിക്കും. സംസ്ഥാനത്ത് നൂറ്റി അൻപതോളം എൻജിനീയറിങ് കോളേജുകളുണ്ട്. ഇതിൽ ഒമ്പത് എണ്ണം സർക്കാർ നേരിട്ട് നടത്തുന്നവയും മൂന്ന് എണ്ണം എയ്ഡഡും 33 എണ്ണം സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ IHRD , LBS ഇൻസ്റ്റിറ്റ്യൂട്ട് കേപ്പ് എന്നിവ നടത്തുന്നതുമാണ്. ബാക്കി സ്വകാര്യ സ്വാശ്രയ കോളേജുകളും. കേരളത്തിലെ എൻജിനീയറിങ്ങിൽ മുപ്പതിലധികം ബ്രാഞ്ചുകളുമുണ്ട്. പലതും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. കോളേജിന്റെ പരസ്യവും ബ്രാഞ്ചിന്റെ പേരും മാത്രം കണ്ട് തിരഞ്ഞെടുപ്പ് നടത്തരുത്. ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും.

 കോളേജ് ഏതാണ് തിരഞ്ഞെടുക്കേണ്ടത്. ?

a ) ആദ്യ ഓപ്ഷനായി സർക്കാർ, എയ്ഡഡ് കോളേജുകൾ ആണ് തിരഞ്ഞെടുക്കേണ്ടത്. സർക്കാർ കോളേജുകളിൽ ഫീസ് നന്നെ കുറവാണ്. മിക്കയിടത്തും ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഇതിൽ വയനാട്, ഇടുക്കി എന്നീ കോളേജുകൾ തിരപ്രദേശത്തും ഇട നാട്ടിലും ഉളള കുട്ടിക്കൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലാണ്. അതിനാൽ അവിടെ നിന്നുളളവർക്ക് വേണമെങ്കിൽ അവ ഒഴിവാക്കാം. ഏകദേശം പതിനായിരം വരെ റാങ്കുള്ളവർക്ക് സർക്കാർ/ എയ്ഡഡ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കും.

സർക്കാർ / എയ്ഡഡ് കോളേജുകളുടെ മുൻഗണന പട്ടിക

കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം
തൃശൂർ എൻജിനീയറിങ് കോളേജ്
കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
TK M എൻജിനീയറിങ് കോളേജ്, കൊല്ലം
MA എൻജിനീയറിങ് കോളേജ്, കോതമംഗലം
കണ്ണൂർ എൻജിനീയറിങ് കോളേജ്
ഗവ.എൻജിനീയറിങ് കോളേജ്, ബാർട്ടൺഹിൽ, തിരുവനന്തപുരം
കോഴിക്കോട് എൻജിനീയറിങ് കോളേജ്
എൻഎസ്എസ് എൻജിനീയറിങ് കോളേജ് പാലക്കാട്.   എന്നിങ്ങനെ മുൻഗണന ക്രമത്തിൽ ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകുന്നവർ അവരുടെ മറ്റ് ഭൗതിക സൗകര്യങ്ങളും കൂടി കണക്കിലെടുത്തും നൽകാം. ഉദാഹരണത്തിന് നിങ്ങൾക്ക് വീട്ടിൽ നിന്ന് മാറി ഹോസ്റ്റലിൽ താമസിക്കാൻ കഴിയുമോ?  സാമ്പത്തിക നിലയുണ്ടോ? ആരോഗ്യസ്ഥിതിയുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കണക്കിലെടുക്കാം. പക്ഷേ ആദ്യ പട്ടിക ഇതായിരിക്കുന്നതായിരിക്കും ഉചിതം.

ഗവൺമെന്റ് അടുത്ത കാലത്ത് നല്ല രീതിയിൽ മുതൽ മുടക്ക് നടത്തിയിട്ടുള്ളതിനാൽ സാങ്കേതിക സൗകര്യങ്ങൾ എല്ലായിടത്തുമുണ്ട്. കോളേജുകളുടെ സൽപേര് അനുസരിച്ചാണ് പലപ്പോഴും വലിയ കമ്പനികൾ കാമ്പസ് റിക്രൂട്ട്മെന്റിനായി വരുക. ഈ വർഷത്തെ ക്യാമ്പസ് റിക്രൂട്ട്മെന്റ് നിലവാരം ഏകദേശം ഓപ്ഷന് നൽകിയ പട്ടികയുടെ നിലയിലാണ്. സർക്കാർ കോളജുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം സജീവമാണെന്നതാണ് പലരും ഭയപ്പാടോടെ കാണുന്നത്. എന്നാൽ അത് അവിടുത്തെ വിദ്യാഭ്യാസത്തെയോ മറ്റ് പ്രവർത്തനങ്ങളെയോ കാര്യമായി ബാധിക്കുന്നതായി അതില്ലാത്ത സ്ഥാപനങ്ങളുമായി താരതമ്യം ചെയ്‌താൽ കാണാൻ സാധിക്കുന്നില്ല. പരീക്ഷാ ഫലങ്ങളും ക്യാമ്പസ് റിക്രൂട്ട്മെന്റും ഈ നിഗമനത്തെ സാധൂകരിക്കുന്നതാണ്.engineering courses

സർക്കാർ നിയന്ത്രിത കോളേജുകളാണ് അടുത്തത്

b) സർക്കാർ നിയന്ത്രണത്തിൽ സ്വാശ്രയ കോളേജുകൾ തുടങ്ങുന്നത് 1990കളിലാണ്. അന്നു തുടങ്ങിയ ചില കോളേജുകൾ സർക്കാർ നേരിട്ട് നടത്തുന്ന കോളേജുകൾ പോലെ തന്നെയാണ് ഇവ നേടിയെടുത്തിട്ടുളള പേരും. ഇതിൽ ഒന്നാം സ്ഥനത്തുള്ളത് IHRD യുടെ കോളേജുകളാണ് തുടർന്ന് LBS, CAPE എന്നിവയും. ഈ കോളേജുകളിൽ രാഷ്ട്രിയാതിപ്രസരം അത്ര കണ്ടില്ല. ക്യാമ്പസ് റിക്രൂട്ട്മെന്റ് കാര്യത്തിൽ ഗവൺമെന്റ് കോളേജുകൾക്കൊപ്പമാണ് പലതും.

സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുടെ മുൻഗണന പട്ടിക

1.മോഡൽ എൻജിനീയറിങ് കോളേജ്, എറണാകുളം
2.ചെങ്ങന്നൂർ
3.അടൂർ
4.LBS കാസർകോട്
5.SCT പാപ്പനംകോട്
6.ആറ്റിങ്ങൽ
7.കരുനാഗപ്പള്ളി
8.LBS തിരുവനന്തപുരം (വിമൻ)
9.ചേർത്തല
10.കല്ലുപ്പാറ
11.പെരുമൺ
12.തലശേരി
13.കിടങ്ങുർ
14.ആറൻമുള
15 മൂന്നാർ

എന്നീ ക്രമത്തിൽ ഓപ്ഷൻ കൊടുക്കാം. ഇവയാണ് സർക്കാർ നിയന്ത്രിത കോളേജുകളിൽ മെച്ചപ്പെട്ടവ. ഈ കോളേജുകളിൽ രണ്ടു തരം സീറ്റുകൾ ഉണ്ട്. മെറിറ്റും മാനേജ്മെന്റും. മെറിറ്റിൽ 35,000 ഫിസും മാനേജ്മെന്റിൽ 65,000 ഫിസും ആണ്.

കീമിൽ (KEAM) ഓപ്ഷൻ കൊടുക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക നിലയനുസരിച്ച് രണ്ടു തരം സീറ്റിനും ഓപ്ഷൻ കൊടുക്കാം. ഏകദേശം 25,000 വരെ റാങ്കുള്ളവർക്ക് ഇവിടെ മെറിറ്റിൽ അഡ്മിഷൻ കിട്ടും. മാനേജ്മെന്റിൽ 40,000 വരെ റാങ്കുള്ളവർക്കും. ചിലയിടങ്ങളിൽ റാങ്ക് ഇതിലും കൂടാം. കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് പരിശോധിക്കുന്നത് നന്നായിരിക്കും. മോഡൽ എൻജിനീയറിങ് കോളേജ്, ചെങ്ങന്നുർ കോളേജ് എന്നിവ കഴിഞ്ഞ വർഷം മികച്ച പ്ലേസ്മെന്റ് നടത്തിയവയാണ്. കേരളത്തിലെ വിവിധ കോളേജുകളിൽ കിട്ടിയ ജോബ് ഓഫറുകളിൽ എറ്റവും വലുത് എറണാകുളം മോഡൽ എൻജിനീയറിങ് കോളേജിലെ കാർത്തിക എന്ന ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിനിക്കാണ്. വർഷം 34 ലക്ഷം രൂപ.

പലപ്പോഴും ദൂര സ്ഥലങ്ങളിൽ ഉള്ള കോളേജുകളിൽ ചേരുന്നതിനേക്കാൾ നല്ലത് സമീപസ്ഥലമായ എതെങ്കിലും സർക്കാർ നിയന്ത്രിത കോളേജുകളാവും. ഈ കോളേജുകളിലെല്ലാം ടെക്വിപ് എന്ന ലോകബാങ്ക് പദ്ധതി പ്രകാരം ധാരാളം സൗകര്യങ്ങൾ ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

c) ഫീസ് ഇളവുണ്ട് സ്കോളർഷിപ്പ് തരാം എന്നൊക്കെ പറഞ്ഞ് വരുന്ന കോളേജുകൾ പലതും നിലനിൽപിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മുൻ വർഷംവൻതോതിൽ ഫീസിളവ് നൽകിയ ചില കോളേജുകൾ പ്രതിസന്ധിയിലായിട്ടുണ്ട്. ചേർത്തല KVM കോളേജും കടയ്‌ക്കൽ SH Mകോളേജും പ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്നാണ് പുറത്തുവന്നിട്ടുളള വിവരം. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. കുറഞ്ഞത് 1,200 കുട്ടികളെങ്കിലും ഇല്ലെങ്കിൽ കോളേജ് ലാഭകരമായി നടത്താനാവില്ല.engineering courses

സ്വകാര്യ മേഖലയിലുളള മിക്ക സ്വാശ്രയ കോളേജുകൾ വൻ പ്രതിസന്ധിയിലാണെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിസന്ധിയിൽ ഉലയുന്ന ഇത്തരം സ്ഥാപനങ്ങളിൽ​ചേരാനുളള തീരുമാനം എത്രത്തോളം ഗുണകരമാകുമെന്ന് ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. എല്ലാ കോളേജുകളും ആ സ്ഥിതിയിൽ ആണെന്നല്ല ഇതിനർത്ഥം. പലരും പ്രതിസന്ധിയിലാണ്. വിരലിലെണ്ണാവുന്ന ചില കോളേജുകൾ മാത്രമാണ് പിടിച്ചുനിൽക്കുന്നവ. നിലവിലുള്ള ഫീസ് ഉപയോഗിച്ച് അധ്യാപകർക്ക് ശമ്പളം കൊടുക്കാനും മറ്റ് ചെലവുകൾ നടത്താനും പലർക്കും കഴിയുന്നില്ല. എങ്ങിനെയെങ്കിലും കുട്ടികളെ കൂട്ടാനുള്ള നെട്ടോട്ടത്തിന്റെ ഭാഗമാണ് വൻ പരസ്യങ്ങളും മറ്റ് വാഗ്‌ദാനങ്ങളും എന്നാണ് ഇതുവരെയുളള അനുഭവങ്ങളെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നതിൽ നിന്നും സൂചന ലഭിക്കുന്നു. കഴിഞ്ഞ വർഷം അഡ്മിഷൻ തീരെ കുറഞ്ഞ കോളേജുകൾ യാതൊരു കാരണവശാലും ഓപ്റ്റ് ചെയ്യരുത്. എൻട്രൻസ് കമ്മീഷ്‌ണറുടെ സൈറ്റിൽ കഴിഞ്ഞ മൂന്ന് വർഷത്തെ അഡ്മിഷൻ വിവരങ്ങൾ ലഭ്യമാണ്. സ്വകാര്യ സ്വാശ്രയത്തിൽ ചേരാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ഈ വിവരങ്ങൾ പരിശോധിച്ച് നോക്കിയ ശേഷം വേണം തീരുമാനം എടുക്കാൻ. ചില സ്വകാര്യ സ്വാശ്രയ കോളേജുകൾ സാമാന്യം നന്നായി പ്രവർത്തിക്കുന്നുണ്ട്. അവയെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം മാത്രം ഓപ്ഷൻ കൊടുക്കുന്നത് തീരുമാനമെടുക്കുക.

ബ്രാഞ്ച് തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?

ഇനി എത് ബ്രാഞ്ചെടുക്കണമെന്ന് നോക്കാം. കേരളത്തിലെ എൻജിനീയറിങ് പഠനം മുപ്പതോളം ബ്രാഞ്ചുകളിലാണ് നടക്കുന്നത്‌. ഇതിൽ ഒന്നാണ് തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ അഭിരുചി, ഭാവിയിലെ തൊഴിൽ സാധ്യത, ലോകത്തെ ഏതു ഭാഗത്താണ് തൊഴിൽ ലഭിക്കുക എന്നീ വിഷയങ്ങൾ പഠിച്ചിട്ട് വേണം ബ്രാഞ്ച് തിരഞ്ഞെടുക്കാൻ. അഭിരുചി നിങ്ങൾ സ്വയം കണ്ടെത്തേണ്ട ഒന്നാണ്. ഇതിനായി എൻജിനീയറിങ് രംഗത്ത് പ്രവർത്തിക്കുന്നവരോട് സംസാരിക്കുന്നത് നന്നായിരിക്കും.

നിങ്ങൾ 2022 ലാണ് കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങാൻ പോകുന്നത്. അതിനാൽ ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ ഭാവിയിലേക്ക് ഒരു കണ്ണു വേണം. സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ നില വച്ച് എറ്റവും കൂടുതൽ അവസരങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട അഞ്ച് മേഖലകൾ ഇവയാണ്:

1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
2)ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്
3 ) എംബെഡഡ് സിസ്റ്റം
4) സോളാർപവർ സിസ്റ്റം
5) ഇലക്ട്രിക് വാഹനങ്ങൾ

ഈ പുതുതലമുറ ടെക്നോളജികളിലെ അവസരങ്ങൾ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ ഇലക്ട്രിക്കൽ എന്നീ ബ്രാഞ്ചുകൾ പഠിക്കുന്നവർക്കായിരിക്കും കിട്ടാൻ സാധ്യത. ഒരു പരിധി വരെ മെക്കാനിക്കൽ എൻജിനീയർമാർക്കും. അതിനാൽ ഓപ്ഷൻ കൊടുക്കുമ്പോൾ ഈ ബ്രാഞ്ചുകൾക്ക് മുൻഗണന നൽകാം.

അഞ്ച് വർഷം കഴിയുമ്പോൾ ഈ മേഖലകളിലെല്ലാം വൻ പുരോഗതിക്ക് സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരത്തും മറ്റും നിസാൻ പോലെയുള്ള വൻ കമ്പനികൾ മേൽ പറഞ്ഞ മേഖലകളിൽ ഡെവലപ്മെന്റ് നടത്താൻ മുന്നോട്ട് വരുന്നുണ്ട്. മിടുക്കൻമാർക്ക് ഇഷ്‌ടം പോലെ അവസരങ്ങൾ വരുന്നുണ്ട്. അതിനാൽ നിങ്ങൾക്ക് മറ്റു മേഖലകളിൽ പ്രത്യേക അഭിരുചിയില്ലെങ്കിൽ തിരഞ്ഞെടുക്കേണ്ടത് ഭാവിയിൽ തൊഴിൽ സാധ്യതയുള്ള ബ്രാഞ്ചാണ്.

മറ്റ് എൻജിനീയറിങ് വിഭാഗങ്ങൾക്കും തൊഴിൽ സാധ്യതയുണ്ട്. പലപ്പോഴും കേരളത്തിന് പുറത്തായിരിക്കുമെന്ന് മാത്രം. ഉദാഹരണത്തിന് കെമിക്കൽ എൻജിനീയർമാർ രാസവസ്‌തുക്കൾ നിർമ്മിക്കുന്ന ഇടങ്ങളിലേക്ക് ജോലി തേടി പോകേണ്ടി വരും. സിവിൽ, കെമിക്കൽ, മെറ്റലർജി തുടങ്ങിയ വിഷയങ്ങളിൽ ക്യാമ്പസ്  ഇന്റർവ്യൂ പൊതുവേ കുറവാണ്. പക്ഷെ പലർക്കും ഗൾഫിലും മറ്റും നല്ല ജോലി കിട്ടാറുണ്ട്.

അതിനാൽ നിങ്ങൾ സ്വയം ഒരു വിലയിരുത്തൽ നടത്തിയിട്ടു മാത്രം കോളേജും ബ്രാഞ്ചും തിരഞ്ഞെടുക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: After keam which engineering college what course option all you want to know