ന്യൂ​ഡ​ൽ​ഹി: ഗ്രൂ​പ്പ് വ​ടം​വ​ലി​ക്കൊ​ടു​വി​ൽ മഹിള കോൺഗ്രസിന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദത്തിലേക്ക് ലതിക സുഭാഷ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ചുമതല നൽകിയത്. ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന അഭിമുഖത്തിന് ശേഷമാണ് ലതികയ്ക്ക് ചുമതല ലഭിച്ചത്.

ലതികയ്ക്ക് പുറമേ, കോഴിക്കോട് നിന്നുളള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എറണാകുളം ഡിസിസി സെക്രട്ടറി ദീപ്‌തി മേരി വർഗ്ഗീസ്, എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, മലപ്പുറത്തു നിന്നുളള അഡ്വ ഫാത്തിമ റോഷൻ എന്നിവരും രാഹുൽ ഗാന്ധിയുമായി അഭിമുഖം നടത്തി.

സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുളള അറിവും അനുഭവ സമ്പത്തും അഭിമുഖത്തിൽ ലതിക സുഭാഷിന് തുണയായി. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ലതിക സുഭാഷ് നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്.

പതിവു തെറ്റിച്ചാണ് ഇത്തവണത്തെ നിയമനം. സംസ്ഥാന മഹിള കോൺഗ്രസ് നേതൃത്വവുമായി കൂടിയാലോചിച്ച് ദേശീയ മഹിള കോൺഗ്രസ് അദ്ധ്യക്ഷയാണ് സാധാരണ സംസ്ഥാന അദ്ധ്യക്ഷയെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഗ്രൂപ്പ് വടം വലി മുറുകിയതോടെ ദേശീയ അദ്ധ്യക്ഷ സുസ്‌മിത ദേവി സെൻ ഈ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷന് വിട്ടു.

കോൺഗ്രസ് അദ്ധ്യക്ഷൻ അഞ്ച് പേരുമായി നടത്തിയ അഭിമുഖത്തിലും ദേശീയ അദ്ധ്യക്ഷ പങ്കെടുത്തില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.