കൊച്ചി: കനത്ത മഴയും പ്രളയവും തകർത്തെറിഞ്ഞ കേരളത്തിൽ ഒടുവില്‍, പ്രതീക്ഷയെന്ന പോലെ നീലക്കുറിഞ്ഞികള്‍ പൂത്തു തുടങ്ങി. പന്ത്രണ്ട് വർഷത്തിലൊരിക്കൽപൂക്കുന്ന നീലക്കുറിഞ്ഞിക്കാലം കേരളത്തെ തകർത്തെറിഞ്ഞ പേമാരിയും പ്രളയവും ഇല്ലാതാക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ പ്രളയത്തെ അതിജീവിക്കുന്ന മലയാളിക്കൊപ്പം നീലക്കുറിഞ്ഞിയും ആ ദുരന്തത്തെ അതിജീവിച്ച് പൂവിടുകയാണ്. പ്രതീക്ഷയുടെ ഇതൾ പോലെ നീലക്കുറിഞ്ഞി വിടരുന്നു.
മൂന്ന് മാസത്തോളം നീണ്ടു നിന്ന മഴക്കാലത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശമനമായതോടെയാണ്, നീലക്കുറിഞ്ഞികൾ പൂവിട്ട് തുടങ്ങിയത്. ഇരവികുളം നാഷണല്‍ പാര്‍ക്കിലും കാന്തല്ലൂര്‍ മലനിരകളിലുമാണ് ഇപ്പോൾ കുറിഞ്ഞി ചെടികള്‍ പൂവിട്ടു തുടങ്ങിയതായി കാണപ്പെട്ടത്. ഇതേ പോലെ ചെടികള്‍ പൂവിട്ടു തുടങ്ങിയാല്‍ പത്തുദിവസത്തിനുള്ളില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലെ മലനിരകളെല്ലാം നീലപ്പുതപ്പണിയുമെന്ന പ്രതീക്ഷയിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് അധികൃതര്‍.
നേരത്തേ ജൂലൈ രണ്ടാംവാരം തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന നീലക്കുറിഞ്ഞി പൂക്കാലമാണ് കനത്ത മഴയെത്തുടര്‍ന്ന് ഒന്നര മാസത്തിലധികം വൈകിയത്. ഒരു ഘട്ടത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് പൂത്ത ഏതാനും ചെടികളിലെ പൂക്കള്‍ അഴുകി നശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഴ മാറി വെയില്‍ തുടങ്ങിയതോടെ നീലക്കുറിഞ്ഞികള്‍ പൂവിടാൻ ആരംഭിച്ചു.
നീലക്കുറിഞ്ഞി പൂവിടാൻ തുടങ്ങിയതോടെ മൂന്നാറിലെ ടൂറിസം മേഖലയ്ക്കും ഉണർവ് വന്നിട്ടുണ്ട്. കനത്ത മഴയിലും പ്രളയത്തിലും ഒറ്റപ്പെട്ട നിലയിലായിരുന്ന മൂന്നാറിലെ ടൂറിസം മേഖല ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മൂന്നാറിലെ ടൂറിസം മേഖലയിലെ തിരിച്ചുവരവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മൂന്നാറിലും പരിസര പ്രദേശങ്ങളിലും മൂന്നു ദിവസം നീണ്ട ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരുന്നു. ഉരുള്‍പൊട്ടലിലും പ്രളയത്തിലും തകര്‍ന്ന റോഡുകളില്‍ ഭൂരിഭാഗവും തുറന്നു കൊടുത്തു.
ഇരവികുളം നാഷണല്‍ പാര്‍ക്കിലേയ്ക്ക് പോകുന്ന വഴിയിലുള്ള പെരിയവര പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നതിനാല്‍ നിലവില്‍ സഞ്ചാരികള്‍ക്കു നേരിട്ട് വാഹനങ്ങളുമായി പാര്‍ക്കിലെത്താനാവുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ മൂന്നാര്‍-ഉടുമല്‍പേട്ട് റോഡു കൂടി തുറക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള നിരോധനം കലക്ടര്‍ പിന്‍വലിച്ചതോടെ ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഉള്‍പ്പെടുന്ന തേക്കടിയിലും ഇക്കോടൂറിസം പരിപാടികള്‍ പുനരാരംഭിച്ചതോടെ തേക്കടിയിലേക്കും സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിന്റെ ആഭ്യന്തരോൽപ്പാദനത്തിന്റെ പ്രധാനപങ്ക് വഹിക്കുന്ന ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു പേമാരിയും പ്രളയവും. നീലക്കുറിഞ്ഞി കാലത്ത് ടൂറിസം മേഖലയ്ക്ക് വൻ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാരും സ്വകാര്യമേഖലയും. എന്നാൽ പേമാരിയും പ്രളയവും കവർന്നെടുത്തത് തിരിച്ചുപിടിക്കാമെന്ന അതിജീവന പോരാട്ടത്തിന്റെ പ്രതീക്ഷയാണ് നീലക്കുറിഞ്ഞി പൂവിടുമ്പോൾ ടൂറിസം മേഖലയ്ക്കുളളിൽ വിടരുന്നത്.