തിരുവനന്തപുരം: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത. രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കം പുലര്‍ത്തിയ 30 ഡോക്ടര്‍മാര്‍ വീട്ടിൽ നിരീക്ഷണത്തിലാണ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി. റേഡിയോളജി ലാബുകളും അടച്ചിടാൻ നിർദേശിച്ചു. രോഗം ബാധിച്ച ഡോക്ടറുടെ സഞ്ചാര പാത ഇന്ന്പുറത്തു വിട്ടേക്കും.

Read More: കോവിഡ് 19: എച്ച്ഐവി ചികിത്സ വിജയം കണ്ടു, ഇറ്റാലിയൻ ദമ്പതികൾ രോഗവിമുക്തരായി

സ്‌പെയിനില്‍ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഡോക്ടറുടെ സഞ്ചാരപാത തിങ്കളാഴ്ച പുറത്തുവിട്ടേക്കും. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയിരുന്നു. ഇതേതുടര്‍ന്നാണ് ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലായത്.

അതേസമയം, ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുന്നതിന്‍റെ ഭാഗമായാണ് യോഗം. ആശങ്കകളും വെല്ലുവിളികളും മറികടക്കുന്നതിനുള്ള നിർദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗത്തിൽ ചര്‍ച്ചയാകും. ജില്ലയിൽ പുതുതായി 162 പേർ കൂടി നിരീക്ഷണത്തിലായതോടെ പേരൂർക്കട ആശുപത്രിയിലും ഐസലേഷൻ വാർഡ് തുറന്നു.

കേരളത്തില്‍ ഇതുവരെ കോവിഡ്-19 രോഗം 24 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 156 രാജ്യങ്ങളിലാണ് കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.