scorecardresearch
Latest News

ഇടവേളയ്ക്ക് ശേഷം സ്കൂളിലേക്ക്; ക്ലാസുകള്‍ ഇന്ന് മുതല്‍

21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് മാറും

School Reopening, SSLC exam, Higher Secondary exam
ഫയല്‍ ചിത്രം എക്സ്പ്രസ് ഫൊട്ടോ: നിഥിന്‍ കൃഷ്ണന്‍

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായതോടെ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ കൂടി ഇന്ന് തുറക്കും. ബാച്ച് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 നകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തണം. ഇതിന് ശേഷം റിവിഷനിലേക്ക് പ്രവേശിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ ശനിയാഴ്ചകളിലും സ്‌കൂൾതല എസ്.ആർ.ജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണാ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകർ അവലംബിക്കേണ്ടതാണ്. എസ്‌സിഇആർടിയും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നതാണ്.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ 2022 മാർച്ച് 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. ഒന്ന് മുതൽ ഒന്‍പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Also Read: കണ്ണൂരിലെ സ്ഫോടനം; കൊല്ലപ്പെട്ട യുവാവ് ബോംബുമായെത്തിയ സംഘാംഗമെന്ന് വിവരം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: After covid third wave schools reopening in kerala