തൊടുപുഴ: “ഏൻവഴി തനി വഴി” എന്നത് രജനീകാന്തിന്രെ ഡയലോഗ് മാത്രമല്ല, മൂന്നാറുകാർക്ക്, അവരുടെ സ്വന്തം “പടയപ്പ”യുടെ ലൈനും അതാണ്. ഒരു വര്‍ഷത്തോളംനീണ്ട അജ്ഞാതവാസത്തിനു ശേഷം ഓണനാളില്‍ മൂന്നാറില്‍ തിരിച്ചെത്തിയ പടയപ്പയെന്ന കാട്ടുകൊമ്പന്‍ ഒരു ഇടവേളയ്ക്കു ശേഷം തന്റെ പതിവ് പരിപാടികള്‍ക്കു വീണ്ടും തുടക്കമിട്ടിരിക്കുന്നു. ആളുകളെ ഉപദ്രവിക്കാതെ കടകള്‍ തകര്‍ത്ത് സാധനങ്ങള്‍ അകത്താക്കുന്ന ശീലമുള്ള പടയപ്പ വ്യാഴാഴ്ച വൈകുന്നേരം മാട്ടുപ്പെട്ടി എക്കോ പോയിന്റാണ് തന്റെ വിഹാരകേന്ദ്രമാക്കിയത്. മാട്ടുപ്പെട്ടി സ്വദേശിയായ സുധാകരന്റെ പെട്ടിക്കട തകര്‍ത്ത കൊമ്പന്‍ കടയ്ക്കുള്ളില്‍ വില്‍പ്പനയ്ക്കു സൂക്ഷിച്ചിരുന്ന ചോളവും മറ്റു പഴങ്ങളുമെല്ലാം മുഴുവന്‍ തിന്നു തീര്‍ത്ത ശേഷം റോഡില്‍ നിലയുറപ്പിച്ചതോടെ സഞ്ചാരികള്‍ക്കും കൗതുകമായി.
കടക്കാരനെ സംബന്ധിച്ചിടത്തോളം പടയപ്പ വലിയ നഷ്ടമാണുണ്ടാക്കിയതെങ്കിലും വിനോദ സഞ്ചാരികൾക്ക് ആവേശമായി മാറി പടയപ്പയുടെ പ്രകടനം. ചോളം തിന്നശേഷം ഒന്നര മണിക്കൂറോളം മാട്ടുപ്പെട്ടി റോഡില്‍ ആന നിലയുറപ്പിച്ചതോടെ മാട്ടുപ്പെട്ടി- ടോപ്‌സ്റ്റേഷന്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി മുടങ്ങുകയും ചെയ്തു. ഈ സമയമെല്ലാം വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ പടയപ്പയുടെ വികൃതികള്‍ കാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. പിന്നീട് ആറുമണിയോടെ പടയപ്പ കാട്ടിലേക്കു പോയതോടെയാണ് മേഖലയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
Read More: ഓണം കാണാൻ മൂന്നാറിൽ “പടയപ്പ”യെത്തി
മൂന്നാറിലെ വിനോദ സഞ്ചാരമേഖലകളില്‍ ആനയെത്തുന്നത് സഞ്ചാരികള്‍ക്കു കൗതുകം പകരുന്നുണ്ടെങ്കിലും പ്രദേശത്തു ചെറിയ കടകള്‍ നടത്തി ഉപജീവനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇടയ്ക്കിടെ കാട്ടാനകളിറങ്ങി കടകള്‍ തകര്‍ക്കുന്നതും സാധനങ്ങള്‍ തിന്നു തീര്‍ക്കുന്നതും വന്‍ നഷ്ടമാണുണ്ടാക്കുന്നത്. പരിസ്ഥിതി സ്‌നേഹികളുടെ ഇഷ്ടതാരമായ പടയപ്പയെന്ന കാട്ടാനയെ കഴിഞ്ഞ കുറേക്കാലമായി മൂന്നാറില്‍ കാണാനില്ലായിരുന്നു. കഴിഞ്ഞ ഓണനാളിലാണ് പടയപ്പ വീണ്ടും മൂന്നാറില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ മാട്ടുപ്പെട്ടിയിലും ഇക്കോപോയിന്റിലും പടയപ്പ സജീവ സാന്നിധ്യമാണെന്നു പ്രദേശവാസികളായ വ്യാപാരികള്‍ പറയുന്നു. അതേസമയം മൂന്നാറിലും പരിസരപ്രദേശങ്ങളിലും കാട്ടാന ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. കാട്ടാന ആക്രമണത്തില്‍ നിന്നു പ്രദേശവാസികള്‍ പലപ്പോഴും തലനാരിയ്ക്കാണ് രക്ഷപ്പെടുന്നത്.
മൂന്നാറിലെ കാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനയ്ക്കു പടയപ്പയെന്നു പേരു കിട്ടിയത് രജനീകാന്തിന്റെ പടയപ്പയെന്ന സിനിമ പുറത്തിറങ്ങിയ ശേഷമാണ്. അക്രമണകാരിയല്ലാത്തതുകൊണ്ടുതന്നെ പടയപ്പയെ നാട്ടുകാര്‍ക്കും ഇഷ്ടമാണ്. എഴുപതുവയസോളം പ്രായമുണ്ടാകുമെന്ന് ആനപ്രേമികൾ പറയുന്നു. പടയപ്പയെ കാണാതായ സംഭവം മൂന്നാറിൽ ചര്‍ച്ചാ വിഷയമായിരുന്നു. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്.
ഒരിക്കൽ പടയപ്പ വരുന്നതു കണ്ട് കലുങ്കിനടിയില്‍ കാരറ്റു ചാക്കുകള്‍ വച്ച ശേഷം കലുങ്കിനു സമീപത്ത് ഒളിച്ചിരുന്നു വഴിയോര കച്ചവടക്കാരി. കച്ചവടക്കാരിയെ ഉപദ്രവിക്കാതെ കാരറ്റുമുഴുവന്‍ അകത്താക്കി മടങ്ങിയതും 2001-ല്‍ ആദിവാസി പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു മടങ്ങിയ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ വാഹനം മൂന്നാര്‍ നയമക്കാടു റോഡില്‍ തടഞ്ഞതുമെല്ലാം “പടയപ്പ”യുടെ വീരകൃത്യങ്ങളായി ആനപ്രേമികള്‍ പാടി നടക്കാറുണ്ട് ഇപ്പോഴും.