Latest News

വ്യാജരേഖ ചമച്ച് കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ചെയ്ത അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍

കാബൂള്‍ സ്വദേശിയായ ഇരുപത്തി രണ്ടുകാരന്‍ ഈദ് ഗുള്‍ ആണ് അറസ്റ്റിലായത്

Cochin Shipyard, Cochin Shipyard Limited, Afghan citizen arrest, fake identity, foreigners act, foreigners act violation, visa violation, kochi police, ie malayalam, indian express malayalam

കൊച്ചി: അസം സ്വദേശിയെന്ന വ്യാജേന കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിൽ ജോലി ചെയ്ത അഫ്ഗാനിസ്ഥാന്‍ പൗരന്‍ അറസ്റ്റില്‍. കാബൂള്‍ സ്വദേശിയായ ഇരുപത്തി രണ്ടുകാരന്‍ ഈദ് ഗുള്‍ ആണ് അറസ്റ്റിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം കൊല്‍ക്കത്തയില്‍നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മൂന്നു വര്‍ഷമായി കൊച്ചിന്‍ ഷിപ്പ്യാർഡില്‍ ജോലി ചെയ്യുകയായിരുന്നു ഈദ് ഗുള്‍. ഇയാളുടെ പിതാവ് അഫ്ഗാന്‍ സ്വദേശിയും അമ്മ അസം സ്വദേശിയുമാണ്. 2019 ജൂണില്‍ മൂന്നു മാസത്തെ വിസയിലാണ് യുവാവ് ഇന്ത്യയിലെത്തിയത്. ചികിത്സയ്ക്കായി വന്നയാളുടെ പരിചാരകനായി ഡല്‍ഹി വഴി ഗുവാഹതിയില്‍ എത്തിയ ഇയാള്‍ വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതിരിക്കുകയായിരുന്നു.

ഒരു വര്‍ഷത്തോളം അമ്മയുടെ അസമിലെ വീട്ടില്‍ കഴിഞ്ഞശേഷമാണ് ഈദ് ഗുള്‍ കൊച്ചിയിലെത്തിയത്. ഷിപ്പ് യാര്‍ഡില്‍ ഒരു കരാറുകാരനു കീഴില്‍ വെല്‍ഡിങ്, ഗ്രൈന്‍ഡിങ് ജോലി ചെയ്യുകയായിരുന്നു. ജോലി ചെയ്തു കിട്ടുന്ന പണം വീട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. അസമിലുള്ള മുത്തശി ആവശ്യപ്പെട്ടതനുസരിച്ച് മാതൃസഹോദരന്മാരില്‍ ഒരാളാണ് ഈദ് ഗുളിനെ കൊച്ചിയില്‍ ഹെല്‍പ്പറായി ജോലിക്കുകൊണ്ടുവന്നത്. അബ്ബാസ് ഖാന്‍ എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് ജോലിക്കെത്തിയത്. വ്യാജരേഖ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞമാസം കൊച്ചിയില്‍നിന്ന് മുങ്ങുകയായിരുന്നു.

Also Read: Zika virus: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക രോഗബാധ സ്ഥിരീകരിച്ചു

വിസാ കാലയളവില്‍ കൂടുതല്‍ കാലം അനുമതിയില്ലാതെ രാജ്യത്ത് തുടര്‍ന്നതിനും വിസാചട്ടം ലംഘിച്ച് ജോലി ചെയ്തതിനും വിദേശികളെ സംബന്ധിച്ച നിയമത്തിലെ 14 എ, ബി വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ യുവാവ് മറ്റു കുറ്റങ്ങളൊന്നും ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. യുവാവിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

തുടര്‍ അന്വേഷണത്തില്‍ യുവാവ് മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നു ബോധ്യമായാല്‍ വിസാച്ചട്ട ലംഘനത്തിനു പിഴയീടാക്കി, വിസ പുതുക്കിയശേഷം അഫ്ഗാനിലേക്കു കയറ്റി വിടാനാണു സാധ്യത. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സൗഹൃദ രാജ്യമായത് ഇക്കാര്യത്തില്‍ യുവാവിനു തുണയാകും.

നേരത്ത, നാവികസേനയ്ക്കുവേണ്ടി കൊച്ചി ഷിപ്പ് യാർഡിൽ നി‍ർമിക്കുന്ന ഐഎൻഎസ് വിക്രാന്ത്രിൽനിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ള ചില വസ്തുക്കൾ മോഷണം പോയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ബിഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവർ പ്രതികളായ കേസിൽ എൻഐഎ സെപ്റ്റംബറിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ബിഹാറിൽനിന്ന് കഴിഞ്ഞ വർഷം ജൂണിൽ അറസ്റ്റിലായ ഇവർ കപ്പലിലെ പെയിന്റിങ് കരാർ തൊഴിലാളികളായിരുന്നു. ഇവർക്കെതിെരെ മോഷണക്കുറ്റവും സൈബർ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. ഹാർഡ് ഡിസ്കുകൾ മോഷണം പോയതായി 2019 സെപ്റ്റംബർ 14 നാണു ഷിപ്പ് യാർഡ് അധികൃതർ പരാതി നൽകിയത്. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Afghan national arrested cochin shipyard fake identity

Next Story
Zika virus: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക രോഗബാധ സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com