കൊച്ചി: കേന്ദ്ര ബജറ്റിൽ പ്രകൃതി വാതകത്തിനുള്ള നികുതി ഇളവ്, ചെറുകിട ഭവന നിർമ്മാണത്തിന് അടിസ്ഥാന സൗകര്യ പദവി നൽകൽ എന്നീ പ്രഖ്യാപനങ്ങൾ കേരളത്തിന് പ്രതീക്ഷ നൽകുന്നവയാണ്.
പ്രകൃതി വാതക ഇന്ധനത്തിനുള്ള നികുതി അഞ്ച് ശതമാനത്തിൽ നിന്നും രണ്ടര ശതമാനമാക്കി കുറച്ചത് എഫ് എ സി ടിക്ക് ഗുണകരമാകുമെന്നാണ് സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ.
കേരളത്തിലെ മറ്റ് എൽ എൻ ജി അധിഷ്ഠിത പദ്ധതികൾക്കും ഇത് ഗുണകരമാകും.
ചെറുകിട ഭവന നിർമ്മാണ പദ്ധതികൾക്ക് അടിസ്ഥാന സൗകര്യ പദവി നൽകുമെന്ന പ്രഖ്യാപനം കേരളത്തിലെ ഭവന നിർമ്മാണ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഊർജം പകരുമെന്നാണ് വിലയിരുത്തൽ. ഈ പദവി കൈവരുന്നതോടെ ചെറുകിട ഭവന നിർമ്മാണത്തിന് സാമ്പത്തിക ഇളവുകൾ ലഭ്യമാകുമെന്നും അത് കേരളത്തിലെ സാധാരണക്കാർക്ക് വീട് നിർമ്മിക്കാനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കും. ചെറുകിട ഭവന നിർമാണ പദ്ധതികൾക്ക് അടിസ്ഥാന സൗകര്യ പദവി വേണമെന്ന് നേരത്തെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
നിലവിൽ കേരളത്തിലെ മന്ദീഭവിച്ച സാമ്പത്തിക രംഗത്തെയും ഈ രണ്ട് വ്യവസായ മേഖലകളെയും ഉത്തേജിപ്പിക്കാൻ ഈ പ്രഖ്യാപനങ്ങൾ ഗുണകരമാകുമെന്നാണ് പ്രതീക്ഷ