തിരുവനന്തപുരം: പരിശീലന വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ അപകടം ഉണ്ടായതായി റിപ്പോർട്ട്. റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മണലിൽ പുതഞ്ഞുവെങ്കിലും വിമാനം ഓടിച്ചിരുന്ന വിദ്യാർത്ഥി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചാക്ക രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയുടെ സെസ്‌ന 5 വിമാനമാണ് അപകടത്തിൽ പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

രാഹുൽ എന്ന വിദ്യാർത്ഥിയാണ് വിമാനം ഓടിച്ചിരുന്നത്. വിമാനം തിരിച്ചറിക്കുന്ന സമയത്ത് ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിരക്ഷാസേന പ്രവർത്തകരും അക്കാദമി അധികൃതരും ചേർന്ന് വിമാനം കെട്ടിവലിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്ന ഹാങ്ങറിലേക്ക് മാറ്റി. രണ്ട് വർഷം മുൻപ് മറ്റൊരു വിമാനവും സമാനമായ രീതിയിൽ അപകടത്തിൽ പെട്ടിരുന്നു. ഇതും ഇവിടെ ഹാങ്ങറിൽ സൂക്ഷിച്ചിട്ടുണ്ട്.

അപകടം നടന്ന വിവരം അറിഞ്ഞ് ചെന്നൈയിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനിലെ അധികൃതർ സംഭവ സ്ഥലത്തെത്തി. വിമാനം പരിശോധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ